Home Keralaശബരിമല കടമുറി ടെൻഡർ റദ്ദാക്കി; 210 മുറികൾക്ക് റീടെൻഡർ, വിജിലൻസ് അന്വേഷണം തുടരുന്നു

ശബരിമല കടമുറി ടെൻഡർ റദ്ദാക്കി; 210 മുറികൾക്ക് റീടെൻഡർ, വിജിലൻസ് അന്വേഷണം തുടരുന്നു

by news_desk1
0 comments

തിരുവനന്തപുരം: ശബരിമലയിലെ കടമുറി ടെൻഡർ നടപടികളുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ 210 കടമുറികൾക്ക് റീടെൻഡർ വിളിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. സന്നിധാനത്തെ കടമുറികൾക്കായുള്ള ടെൻഡർ വിവരങ്ങൾ കരാറുകാർക്ക് ചോർന്നെന്ന ആരോപണത്തെ തുടർന്നാണ് നേരത്തെ രണ്ട് ഘട്ടങ്ങളിലായി നടത്തിയ ടെൻഡർ നടപടികൾ റദ്ദാക്കിയത്.

ടെൻഡർ വിവരങ്ങൾ ചോർന്ന സംഭവത്തിൽ ദേവസ്വം വിജിലൻസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ കരാറുകാരെ സഹായിച്ചിട്ടുണ്ടാകാമെന്നാണ് വിജിലൻസിന്റെ നിഗമനം.

ആന്ധ്രപ്രദേശിലായിരുന്ന ദേവസ്വം വിജിലൻസ് എസ്.പി. സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കരാറുകാരുടെ മൊഴി വിജിലൻസ് ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ദേവസ്വം ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്.

ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുന്നതിനൊപ്പം ഇവരുടെ ഫോൺ രേഖകളും പരിശോധിക്കുമെന്ന് വിജിലൻസ് അറിയിച്ചു. ടെൻഡർ വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ദേവസ്വം ബോർഡ് ഭരണസമിതി വിജിലൻസ് എസ്.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിജിലൻസ് എസ്.പിയുടെ റിപ്പോർട്ട് നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് ബുധനാഴ്ച ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ വിഷയം ചർച്ച ചെയ്യും.

You may also like