Home Top Storiesകേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ പുതിയ അധ്യായം; യു.എൻ സർവകലാശാല കൊച്ചിയിലേക്ക്, പ്രവർത്തനം 2027-ൽ ആരംഭിക്കും

കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ പുതിയ അധ്യായം; യു.എൻ സർവകലാശാല കൊച്ചിയിലേക്ക്, പ്രവർത്തനം 2027-ൽ ആരംഭിക്കും

by news_desk
0 comments

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി കേരളം. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള യു.എൻ സർവകലാശാലയുടെ (UN University) പുതിയ ക്യാമ്പസ് കേരളത്തിൽ ആരംഭിക്കാൻ താൽപ്പര്യം അറിയിച്ച് അധികൃതർ സംസ്ഥാന സർക്കാരിനെ സമീപിച്ചു. കൊച്ചി ആസ്ഥാനമായാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ പുതിയ ക്യാമ്പസ് പ്രവർത്തിക്കുക.

സംസ്ഥാനത്തെ പ്രമുഖ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളായ കുസാറ്റ് (CUSAT), ന്യൂവാൽസ് (NUALS), സി.ഡി.എസ് (CDS) എന്നിവയുമായി സഹകരിച്ചായിരിക്കും സർവകലാശാലയുടെ പ്രവർത്തനം. ഈ സ്ഥാപനങ്ങളുമായി ചേർന്ന് വിദ്യാർത്ഥികൾക്ക് സംയുക്ത ബിരുദ സർട്ടിഫിക്കറ്റുകളാകും നൽകുക. പ്രധാനമായും ബിരുദാനന്തര ബിരുദ (PG), ഡോക്ടറൽ (Ph.D) കോഴ്സുകളാകും ക്യാമ്പസിൽ ലഭ്യമാവുക. 2027-ഓടെ സർവകലാശാലയുടെ പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച പ്രാഥമിക കൂടിയാലോചനകൾ പൂർത്തിയായിക്കഴിഞ്ഞു.

1975-ൽ ജപ്പാനിലെ ടോക്കിയോ ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച യു.എൻ യൂണിവേഴ്സിറ്റിക്ക് ലോകത്താകമാനം 13 ക്യാമ്പസുകളാണുള്ളത്. ആഗോള വിഷയങ്ങളിലും പ്രശ്നങ്ങളിലും ഉന്നത ഗവേഷണവും പഠനവും നടത്തുകയാണ് സർവകലാശാലയുടെ പ്രധാന ലക്ഷ്യം. സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന പുതിയ സ്വകാര്യ സർവകലാശാല ബില്ലിന്റെ പശ്ചാത്തലത്തിലാണ് വിദേശ സർവകലാശാലകൾ കേരളത്തിലേക്ക് കടന്നുവരുന്നത്. വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ പുതിയ ബിൽ അവതരിപ്പിക്കും. സർവകലാശാലയുടെ വരവ് മലയാളി വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര തലത്തിലുള്ള പഠനാവസരങ്ങൾ സ്വന്തം നാട്ടിൽ തന്നെ തുറന്നുനൽകും.

You may also like