Home Entertainmentഫഹദ് ചിത്രത്തിനായി കൊച്ചിയിൽ ആരാധകപ്പെരുമഴ; രാജമൗലി എത്തിയപ്പോൾ ലുലു മാളിൽ ആവേശം

ഫഹദ് ചിത്രത്തിനായി കൊച്ചിയിൽ ആരാധകപ്പെരുമഴ; രാജമൗലി എത്തിയപ്പോൾ ലുലു മാളിൽ ആവേശം

by news_desk1
0 comments

കൊച്ചി: എസ്. എസ്. രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം **‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’**ന്റെ കേരള പ്രീ-റിലീസ് ഇവന്റിന് കൊച്ചി ലുലു മാൾ സാക്ഷ്യം വഹിച്ചത് ആവേശം നിറഞ്ഞ ആരാധകക്കൂട്ടത്തിന്. ഇന്ത്യൻ സിനിമയിൽ 25 വർഷം പൂർത്തിയാക്കിയ രാജമൗലിയെ കാണാൻ പരിപാടിക്ക് മണിക്കൂറുകൾക്ക് മുമ്പേ ആരാധകർ ലുലു മാളിൽ എത്തിയിരുന്നു. ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ഫാന്റസി ഫാമിലി എന്റർടെയ്‌നർ ഒക്ടോബർ രണ്ടിന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും.

കേരളവുമായുള്ള തന്റെ പ്രിയപ്പെട്ട ഓർമകൾ രാജമൗലി പ്രേക്ഷകരുമായി പങ്കുവെച്ചു. ചിത്രത്തിന്റെ ട്രെയ്‌ലറിന് പിന്തുണ നൽകിയ മോഹൻലാലിനും അദ്ദേഹം നന്ദി അറിയിച്ചു.

സിനിമയിൽ 25 വർഷം പൂർത്തിയാകുന്ന വേളയിൽ പ്രേക്ഷകർ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച ഫഹദ് ഫാസിൽ, ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ മലയാളി പ്രേക്ഷകർക്ക് ആസ്വദിക്കാനാകുന്ന രീതിയിൽ ഒരുക്കിയ ചിത്രമാണെന്ന് പറഞ്ഞു. കുടുംബസമേതം ചിത്രം കണ്ട് വിജയിപ്പിക്കണമെന്നും ഫഹദ് അഭ്യർഥിച്ചു.

കേരളത്തിലെ പ്രേക്ഷകർ സിനിമയെ ഏറെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരാണെന്ന് ചിത്രത്തിന്റെ നിർമാതാവ് എസ്. എസ്. കാർത്തികേയ പറഞ്ഞു. ഫഹദ് ഫാസിലിന്റെ ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

ചിത്രത്തിലെ ബാലതാരം സാറയും പരിപാടിയിൽ ശ്രദ്ധേയയായി. കുട്ടിത്തം നിറഞ്ഞ സംസാരത്തിലൂടെ സാറ വേദിയിലും ആരാധകരുടെ ശ്രദ്ധ നേടി. പ്രമുഖ തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ ചിത്രത്തിന്റെ പ്രത്യേക പ്രദർശനം കണ്ട അനുഭവം പങ്കുവെക്കുകയും കുട്ടികൾക്കും കുടുംബങ്ങൾക്കുമൊപ്പം തിയേറ്ററിൽ ആസ്വദിക്കാവുന്ന ചിത്രമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ 300 കോടി നേട്ടം കൈവരിച്ചതിന്റെ പശ്ചാത്തലത്തിൽ സംവിധായകൻ ഗിരീഷ് എ.ഡിയെയും വേദിയിലേക്ക് ക്ഷണിച്ചു. രാജമൗലിയോട് ചെറിയൊരു പേടി തോന്നാറുണ്ടെന്നും സെറ്റിൽ അദ്ദേഹം വളരെ കൂളാണെങ്കിലും സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തോട് സംസാരിക്കുമ്പോൾ ചെറിയൊരു ഭയം ഉണ്ടാകാറുണ്ടെന്നും ഗിരീഷ് എ.ഡി പറഞ്ഞു. ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുമിച്ച് തിയേറ്ററിൽ ആസ്വദിക്കാവുന്ന ചിത്രമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവാഗതനായ ശശാങ്ക് യെലേട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ബാഹുബലി’ ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ നിർമാതാക്കളായ ആർക്ക മീഡിയ വർക്ക്സും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളികളാണ്. ആർക്ക മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളുടെ കീഴിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്. എസ്. കാർത്തികേയ എന്നിവരാണ് നിർമാതാക്കൾ.

മലയാളത്തിൽ ശ്രദ്ധേയമായ ചിത്രങ്ങൾ പ്രേക്ഷകരിലെത്തിച്ച ഭാവന സ്റ്റുഡിയോസിന്റെ ഭാവന റിലീസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ഗാനവും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

ഫഹദ് ഫാസിൽ തന്റെ പതിവ് അഭിനയശൈലിയിൽനിന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബാലതാരം സാറയുടെ പ്രകടനവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

You may also like