ന്യൂഡൽഹി: ടിവി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില ഒക്ടോബർ 1 മുതൽ ഉയരും. കമ്പനികൾ 2 മുതൽ 4 ശതമാനം വരെ വില വർധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചെമ്പ്, അലുമിനിയം, സ്റ്റീൽ, ക്രൂഡ് ഡെറിവേറ്റീവുകൾ, ചരക്കുകൂലി എന്നിവയുടെ ചെലവ് വർധിച്ചതും കറൻസി മൂല്യവുമായി ബന്ധപ്പെട്ട സമ്മർദങ്ങളുമാണ് വിലവർധനയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ഈ വർഷം ഇത് മൂന്നാം തവണയാണ് ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കുന്നത്. എന്നാൽ ഒക്ടോബർ 1ന് ശേഷം ഉടൻ എല്ലാ കടകളിലും പുതിയ വില പ്രാബല്യത്തിൽ വരണമെന്നില്ല. പഴയ വിലയ്ക്ക് കമ്പനികൾ വാങ്ങിയ സ്റ്റോക്കുകൾ കുറച്ചുകാലത്തേക്ക് വിപണിയിൽ ലഭിച്ചേക്കും. നിലവിലെ സ്റ്റോക്കുകൾ ഒന്നര മാസം വരെ നീണ്ടുനിൽക്കാനുള്ള സാധ്യതയുമുണ്ട്.
ചെമ്പിന്റെ വിലയിലുണ്ടായ കുതിപ്പും ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിർമാണച്ചെലവ് ഉയരാൻ പ്രധാന കാരണമാണ്. കഴിഞ്ഞ വർഷം മെട്രിക് ടണ്ണിന് 8,000–9,000 ഡോളറായിരുന്ന ചെമ്പിന്റെ വില ഇപ്പോൾ 14,500 ഡോളറിലെത്തി. ഒരു എയർകണ്ടീഷണറിന് സാധാരണയായി 3–4 കിലോഗ്രാം ചെമ്പ് ആവശ്യമായി വരുന്നതിനാൽ ചെമ്പിന്റെ വിലവർധന എ.സി നിർമാണച്ചെലവിനെയും നേരിട്ട് ബാധിക്കുന്നു.
ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള മേഖലകളിൽ ചെമ്പിന്റെ ആവശ്യകത വർധിച്ചതും വില ഉയരാൻ കാരണമാകുന്നുണ്ട്. പുതിയ ചെമ്പ് ഖനികൾ പ്രവർത്തനക്ഷമമാക്കാൻ വർഷങ്ങളെടുക്കുന്നതിനാൽ ആവശ്യത്തിനനുസരിച്ച് ഉൽപ്പാദനം വേഗത്തിൽ വർധിപ്പിക്കാനും കഴിയുന്നില്ല. യുഎസ് താരിഫ് വർധനയും ചെമ്പിന്റെ വില ഉയരാനുള്ള മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.
എ.സി വില ഏകദേശം 5–8 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് നിഗമനം. ചില കമ്പനികൾ ഇതിനകം വില വർധിപ്പിച്ചുകഴിഞ്ഞു. ഡൈകിൻ സെപ്റ്റംബർ 16 മുതൽ 8–10 ശതമാനം വരെ വില വർധിപ്പിച്ചിരുന്നു. ഒക്ടോബർ 1 മുതൽ റൂം എ.സികളുടെ വില ഏകദേശം 5 ശതമാനം വർധിപ്പിക്കാനാണ് ഹയർ പദ്ധതിയിടുന്നത്. എൽ.ഇ.ഡി ടിവി, വാഷിങ് മെഷീൻ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് 2–3 ശതമാനം വർധനയും കമ്പനി ലക്ഷ്യമിടുന്നു.
ഇന്ത്യയിൽ തോംസൺ, കൊഡാക്, ബ്ലോപ്പങ്ക് തുടങ്ങിയ ടി.വി ബ്രാൻഡുകൾ വിൽക്കുന്ന സൂപ്പർ പ്ലാസ്റ്റിനിക്സ് ഒക്ടോബറിന് ശേഷം ടി.വി വില ഏകദേശം 7 ശതമാനം വർധിപ്പിക്കാൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുണ്ട്. ഉപകരണങ്ങളുടെ വില ഇതിനകം 4–5 ശതമാനം വർധിപ്പിച്ചുകഴിഞ്ഞതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ഒക്ടോബർ 1ന് മുമ്പ് വാങ്ങിയാൽ ലാഭിക്കാമോ?
വിലവർധനയ്ക്ക് മുമ്പ് ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുന്നത് പണം ലാഭിക്കാൻ സഹായിച്ചേക്കാം. 50,000 രൂപ വിലയുള്ള ഒരു ഉപകരണത്തിന് 5 ശതമാനം വില കൂടിയാൽ 2,500 രൂപ അധികമായി നൽകണം. 7 ശതമാനം വർധിച്ചാൽ 3,500 രൂപയും 8 ശതമാനം വർധിച്ചാൽ 4,000 രൂപയും അധികമാകും.
എന്നാൽ ഒക്ടോബർ 1ന് എല്ലാ കടകളിലും പെട്ടെന്ന് പുതിയ വില പ്രാബല്യത്തിൽ വരണമെന്നില്ല. പഴയ വിലയ്ക്ക് വാങ്ങിയ നിലവിലെ സ്റ്റോക്ക് വിപണിയിൽ ശേഷിക്കുന്നതുവരെ പഴയ വിലയിൽ തന്നെ ഉൽപ്പന്നങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഈ സ്റ്റോക്ക് ഒന്നര മാസം വരെ നീണ്ടുനിൽക്കാമെന്നാണ് കണക്കാക്കുന്നത്.
ഒക്ടോബർ 1ലെ വിലവർധന അവസാനത്തേതാകണമെന്നില്ലെന്നും സൂചനയുണ്ട്. ഇൻപുട്ട് ചെലവുകൾ ഉയർന്ന നിലയിൽ തുടരുകയാണെങ്കിൽ ഒക്ടോബർ മുതൽ 5 ശതമാനം, ഡിസംബറോടെ വീണ്ടും 5 ശതമാനം, ജനുവരിയിൽ മറ്റൊരു 5 ശതമാനം എന്നിങ്ങനെ ആകെ 15 ശതമാനം വരെ വില വർധിപ്പിക്കാൻ ചില കമ്പനികൾ ആലോചിക്കുന്നതായാണ് വിവരം.
