Home Nationalബാർ കൗൺസിലുകളിൽ അംഗസംഖ്യ കൂട്ടുമോ? തീരുമാനം സർക്കാരിന് വിട്ട് സുപ്രീം കോടതി

ബാർ കൗൺസിലുകളിൽ അംഗസംഖ്യ കൂട്ടുമോ? തീരുമാനം സർക്കാരിന് വിട്ട് സുപ്രീം കോടതി

by news_desk1
0 comments

ന്യൂഡൽഹി: സ്റ്റേറ്റ് ബാർ കൗൺസിലുകളിലെ പരമാവധി അംഗസംഖ്യ ഉയർത്തണമെന്ന ആവശ്യത്തിൽ തീരുമാനം സർക്കാരിന് വിട്ട് സുപ്രീം കോടതി. നിലവിൽ 25 ആയി നിജപ്പെടുത്തിയിരിക്കുന്ന അംഗസംഖ്യ വർധിപ്പിക്കണമെന്ന ഹർജിയിലാണ് കോടതിയുടെ നടപടി. ഹർജി പരിഗണിക്കാൻ കേന്ദ്ര അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയോട് കോടതി നിർദേശിച്ചു.

ജസ്റ്റിസ് ജോയ് മല്യ ബാഗ്ചിയും ജസ്റ്റിസ് വി. മോഹനയും ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. 1961ലെ അഡ്വക്കേറ്റ്സ് ആക്ടിലെ സെക്ഷൻ 3(2)(b) പ്രകാരമാണ് സ്റ്റേറ്റ് ബാർ കൗൺസിലുകളിലെ അംഗങ്ങളുടെ എണ്ണം നിയന്ത്രിച്ചിരിക്കുന്നത്.

എന്നാൽ 1961ന് ശേഷം രാജ്യത്തെ അഭിഭാഷകരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായതായി ഹർജിയിൽ ചൂണ്ടിക്കാട്ടി. ഡൽഹി ബാർ കൗൺസിലിൽ മാത്രം രണ്ട് ലക്ഷത്തോളം അഭിഭാഷകരുണ്ടെന്നാണ് വിവരം. 30 ശതമാനം വനിതാ സംവരണവും നിലവിലുണ്ട്. ആനുപാതിക പ്രാതിനിധ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ രോഹിത് പാണ്ഡെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ബാർ കൗൺസിലുകളുടെ അംഗസംഖ്യ ഉയർത്തുന്നത് നയപരമായ തീരുമാനത്തിന്റെ പരിധിയിൽ വരുന്ന വിഷയമാണെന്നും ഇതിൽ കോടതിയുടെ ഇടപെടലിന് പരിമിതിയുണ്ടെന്നും ജസ്റ്റിസ് ബാഗ്ചി വ്യക്തമാക്കി. ബാർ കൗൺസിലിലെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ അഡ്വക്കേറ്റ്സ് ആക്ടിൽ ഭേദഗതി വരുത്തേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

വിഷയം അറ്റോർണി ജനറലിന് കൈമാറിയ കോടതി, സർക്കാരിന്റെ തീരുമാനം അറിഞ്ഞശേഷം കേസിൽ തുടർ നിലപാട് സ്വീകരിക്കാമെന്നും വ്യക്തമാക്കി.

You may also like