തൃശൂർ: സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി തൃശൂരിൽ നടന്ന നീന്തൽ മത്സരവേദി തകർന്നുവീണ സംഭവത്തിൽ സർക്കാരിനെയും വിദ്യാഭ്യാസ വകുപ്പിനെയും പ്രതിക്കൂട്ടിലാക്കി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ആവശ്യമായ പ്രാഥമിക സൗകര്യങ്ങൾ പോലും ഒരുക്കാതെയാണ് മത്സരങ്ങൾ നടത്തിയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായും മത്സരം നടക്കുന്ന വിവരം പൊലീസിനെ കൃത്യമായി അറിയിച്ചിരുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വ്യാഴാഴ്ച ശക്തമായ മഴയ്ക്കിടെയാണ് അപകടമുണ്ടായത്. തൃശൂർ അക്വാട്ടിക് കോംപ്ലക്സിലെ നീന്തൽ മത്സരവേദിയുടെ താൽക്കാലിക മേൽക്കൂര തകർന്നുവീണ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പരിക്കേറ്റിരുന്നു.
അപകടത്തിൽ നാല് കുട്ടികൾക്കും രണ്ട് രക്ഷിതാക്കൾക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. പത്തോളം പേർക്ക് സാരമല്ലാത്ത പരിക്കുകളും ഏറ്റു. അക്വാട്ടിക് കോംപ്ലക്സിലെ ഗ്യാലറിക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ഷീറ്റുകൾ ശക്തമായ കാറ്റിൽ പറന്നുപോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി നടക്കുന്ന നീന്തൽ മത്സരങ്ങൾക്കായി വിവിധ ജില്ലകളിൽനിന്ന് നിരവധി മത്സരാർഥികളും രക്ഷിതാക്കളും എത്തിയിരുന്നു. എന്നാൽ ഇവർക്കായി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കിയിരുന്നില്ലെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിലെ കണ്ടെത്തൽ.
പല ജില്ലകളിൽനിന്ന് എത്തിയ മത്സരാർഥികൾക്കും രക്ഷിതാക്കൾക്കും ഭക്ഷണം പോലും ഒരുക്കാൻ സംഘാടകർക്ക് കഴിഞ്ഞില്ലെന്നും ആരോപണമുണ്ട്. കൃത്യമായ മെഡിക്കൽ ക്യാമ്പുകൾ ഉണ്ടായിരുന്നില്ലെന്നും വേദികളിൽ വിശ്രമകേന്ദ്രങ്ങൾ ഒരുക്കിയിരുന്നില്ലെന്നും പരാതികൾ ഉയർന്നിരുന്നു.
അപകടത്തിന് പിന്നാലെ സംഘാടക പിഴവിനെതിരെ വിമർശനം ശക്തമായി. ഇതിന് പിന്നാലെ മത്സരങ്ങൾ മുന്നറിയിപ്പില്ലാതെ മാറ്റിവച്ചതും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ പൊലീസ് തടഞ്ഞ സംഭവവും വിമർശനത്തിന് ഇടയാക്കിയിരുന്നു. മത്സരവേദിയിലെ സുരക്ഷ, സംഘാടനം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ ഉണ്ടായ വീഴ്ചകൾ സംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിലെ കണ്ടെത്തലുകൾ കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
