Home Kerala‘ഡിസിസി ഓഫീസിന് കല്ലെറിഞ്ഞത് ആർഎസ്എസ് ആണെന്ന് പറയാൻ ധൈര്യമുണ്ടോ?’; വി ഡി സതീശനെ വെല്ലുവിളിച്ച് എം വി ഗോവിന്ദൻ

‘ഡിസിസി ഓഫീസിന് കല്ലെറിഞ്ഞത് ആർഎസ്എസ് ആണെന്ന് പറയാൻ ധൈര്യമുണ്ടോ?’; വി ഡി സതീശനെ വെല്ലുവിളിച്ച് എം വി ഗോവിന്ദൻ

by news_desk1
0 comments

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഡിസിസി ഓഫീസിന് നേരെ കല്ലെറിഞ്ഞത് ആരാണെന്ന് വി ഡി സതീശനോട് ചോദിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ധൈര്യമുണ്ടെങ്കിൽ കല്ലെറിഞ്ഞത് ആർഎസ്എസ് ആണെന്ന് പറയണമെന്ന് എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് പറയാൻ മുഖ്യമന്ത്രിക്ക് മടിയാണെന്നും അദ്ദേഹം വിമർശിച്ചു.

കേരളത്തിന്റെ ചിത്രം മാറുകയാണെന്നും എല്ലാ മേഖലകളിലും സ്വകാര്യവത്കരണം കൊണ്ടുവരികയാണെന്നും എം വി ഗോവിന്ദൻ ആരോപിച്ചു. സംസ്ഥാനത്തെ മുതലാളിത്തവത്കരണത്തിലേക്ക് എത്തിക്കുകയാണ് വി ഡി സതീശൻ സർക്കാരെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന സ്ത്രീസുരക്ഷാ പദ്ധതി പൂർണമായും അവസാനിപ്പിച്ചു. കേരള സർക്കാർ പൂർണമായും സ്പോൺസേർഡ് ആണെന്ന് മുഖ്യമന്ത്രി തന്നെ പറയുകയാണ്. കുത്തക മുതലാളിമാരുടെ ആനുകൂല്യം പറ്റുകയും അവർക്ക് ആനുകൂല്യങ്ങൾ നൽകി മുന്നോട്ടുപോകുകയും ചെയ്യുന്ന സർക്കാരാണ് ഇന്ന് കേരളത്തിലുള്ളതെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.

വന്ദേമാതരത്തിന്റെ ആദ്യ ചരണങ്ങൾ മാത്രം പാടിയാൽ മതിയെന്നാണ് ഗാന്ധിജിയും നെഹ്റുവും തീരുമാനിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മുഴുവൻ വന്ദേമാതരം പാടണമെന്നാണ് ഗവർണർ ആവശ്യപ്പെടുന്നത്. ഇതിന് സംസ്ഥാന സർക്കാർ പൂർണമായും വഴങ്ങുകയാണെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.

പിണറായി വിജയനെ ലക്ഷ്യമിട്ട് കൊണ്ടുവന്ന എക്സാലോജിക് കേസ് എങ്ങും എത്തിയില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ശശിധരൻ കർത്ത തനിക്ക് കൃത്യമായി സേവനം ലഭിച്ചെന്ന് മൊഴി നൽകിയിട്ടുണ്ട്. കേസ് നിലനിൽക്കില്ലെന്ന് മനസ്സിലാക്കിയ ഇഡി മറ്റൊരു തരത്തിലേക്ക് പോയെന്നും അദ്ദേഹം ആരോപിച്ചു.

You may also like