Home Nationalഫിസിക്കൽ ടെസ്റ്റിനിടെ ഓടുന്നതിനിടെ കുഴഞ്ഞുവീണു; യുപിയിൽ രണ്ട് പൊലീസ് ഉദ്യോഗാർഥികൾ മരിച്ചു

ഫിസിക്കൽ ടെസ്റ്റിനിടെ ഓടുന്നതിനിടെ കുഴഞ്ഞുവീണു; യുപിയിൽ രണ്ട് പൊലീസ് ഉദ്യോഗാർഥികൾ മരിച്ചു

by news_desk1
0 comments

ലഖ്‌നൗ: പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റിന്റെ ഫിസിക്കൽ ടെസ്റ്റിനിടെ ഓടുന്നതിനിടയിൽ കുഴഞ്ഞുവീണ രണ്ട് ഉദ്യോഗാർഥികൾ മരിച്ചു. ഉത്തർപ്രദേശിലെ ഗോവിന്ദ്പുരിലെ 47-ാം ബറ്റാലിയൻ പിഎസി ഗ്രൗണ്ടിൽ ഒക്ടോബർ 3 മുതൽ നടന്നുവരുന്ന കായികക്ഷമതാ പരിശോധനയ്ക്കിടെയാണ് രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തത്.

ചൊവ്വാഴ്ച രാവിലെ ഫിസിക്കൽ ടെസ്റ്റിനിടെ ഓടുന്നതിനിടെയാണ് ഷാംലി സ്വദേശിയായ വിവേക് കുമാർ (23) കുഴഞ്ഞുവീണത്. സഞ്ജയ് നഗറിലെ ജോയിന്റ് ഡിസ്ട്രിക്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇതിന് തലേദിവസം മഥുര സ്വദേശിയായ അതുൽ കുമാർ (27) ഓട്ടത്തിനിടെ കുഴഞ്ഞുവീണിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

മരണകാരണം ഹൃദയാഘാതമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്നും അധികൃതർ അറിയിച്ചു.

റിക്രൂട്ട്മെന്റ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ ശേഷമാണ് ഇരുവരും ഫിസിക്കൽ ടെസ്റ്റിന് എത്തിയത്. പുരുഷ ഉദ്യോഗാർഥികൾ 24 മിനിറ്റിനുള്ളിൽ 4.8 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കണമെന്നാണ് നിബന്ധന.

രാവിലെ അഞ്ചുമണിയോടെ ആരംഭിക്കുന്ന ഫിസിക്കൽ ടെസ്റ്റിൽ ദിവസേന നൂറുകണക്കിന് ഉദ്യോഗാർഥികളാണ് പങ്കെടുക്കുന്നത്.

You may also like