മഞ്ചേരി: സ്വകാര്യ ആശുപത്രികളിൽ അഞ്ചുലക്ഷത്തോളം രൂപ ചെലവുവരുന്ന അതിസങ്കീർണ നട്ടെല്ല് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രി. വർഷങ്ങളായി കടുത്ത നടുവേദനയും കാലുകൾക്ക് ബലക്കുറവും അനുഭവിച്ചിരുന്ന 69-കാരിയായ മഞ്ചേരി സ്വദേശി പദ്മിനിക്കാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ ശസ്ത്രക്രിയ പൂർണമായും സൗജന്യമായി നടത്തിയത്. മെഡിക്കൽ കോളേജിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സങ്കീർണ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുന്നത്.
വർഷങ്ങളായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടും ആശ്വാസം ലഭിക്കാതിരുന്നതോടെയാണ് പദ്മിനി മഞ്ചേരി മെഡിക്കൽ കോളേജിലെത്തിയത്. തുടർന്ന് അത്യാധുനിക ശസ്ത്രക്രിയയായ ട്രാൻസ്ഫോറാമിനൽ ലംബാർ ഇന്റർബോഡി ഫ്യൂഷൻ (ടി.എൽ.ഐ.എഫ്.) നടത്താൻ തീരുമാനിക്കുകയായിരുന്നു. സാധാരണക്കാർക്ക് വലിയ സാമ്പത്തികഭാരം സൃഷ്ടിക്കുന്ന ചികിത്സ സർക്കാർ പദ്ധതിയിലൂടെ സൗജന്യമായി ലഭിച്ചത് പദ്മിനിക്കും കുടുംബത്തിനും ആശ്വാസമായി.
ഓർത്തോപീഡിക്സ് വിഭാഗം മേധാവിയും നട്ടെല്ല് ശസ്ത്രക്രിയാ വിദഗ്ധനുമായ പ്രൊഫ. ഡോ. ബിന്ദുലാലിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ബഷീർ ഉൾപ്പെടെയുള്ള ഡോക്ടർമാരും നഴ്സിങ്, പാരാമെഡിക്കൽ ജീവനക്കാരും ചികിത്സാദൗത്യത്തിൽ പങ്കാളികളായി.
ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതിനെ തുടർന്ന് പദ്മിനിയെ വാർഡിലേക്ക് മാറ്റി. നേട്ടം കൈവരിച്ച ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ. അബ്ദുൽ മജീദും ആശുപത്രി സൂപ്രണ്ട് ഡോ. എസ്. എ. ഹാഫിസും അഭിനന്ദിച്ചു.
