Home Top Storiesമാസപ്പടി കേസിൽ സർക്കാരിന്റെ എസ്‌ഐടി നീക്കം നിയമവിരുദ്ധം; എഫ്ഐആർ നിർബന്ധമെന്ന് ഹൈക്കോടതി, ഇഡി വിവരങ്ങൾ വിജിലൻസിന് കൈമാറണം

മാസപ്പടി കേസിൽ സർക്കാരിന്റെ എസ്‌ഐടി നീക്കം നിയമവിരുദ്ധം; എഫ്ഐആർ നിർബന്ധമെന്ന് ഹൈക്കോടതി, ഇഡി വിവരങ്ങൾ വിജിലൻസിന് കൈമാറണം

by news_desk1
0 comments

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൈമാറിയ വിവരങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച സംസ്ഥാന സർക്കാർ നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ആവശ്യമായ വിവരങ്ങൾ ലഭിച്ചാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടത് സംസ്ഥാന പൊലീസിന്റെ ബാധ്യതയാണെന്നും കോടതി വ്യക്തമാക്കി. സർക്കാരിന്റെ ഉത്തരവ് റദ്ദാക്കിയ കോടതി, ഇഡി കൈമാറിയ വിവരങ്ങൾ സംസ്ഥാന വിജിലൻസിന് കൈമാറാനും നിർദേശിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ 66(2) വകുപ്പ് പ്രകാരം കൈമാറുന്ന വിവരങ്ങൾ ഒരു കുറ്റകൃത്യം വെളിപ്പെടുത്തുന്നുണ്ടെങ്കിൽ, അതിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് ബാധ്യസ്ഥരാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ലഭിച്ച വിവരങ്ങളിൽ കോഗ്നിസബിൾ കുറ്റം വ്യക്തമാണെങ്കിൽ എഫ്ഐആറിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്തേണ്ടതില്ല. അഴിമതിക്കേസുകളിൽ പ്രാഥമിക അന്വേഷണം നടത്താമെന്നത് പൊലീസിന് നൽകിയിട്ടുള്ള സാധ്യത മാത്രമാണ്; അത് പ്രതിയുടെ അവകാശമല്ലെന്നും കോടതി വ്യക്തമാക്കി.

പ്രാഥമിക അന്വേഷണത്തിന്റെ പരിധി കുറ്റം വെളിപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുക മാത്രമാണ്. ആരോപണങ്ങളുടെ സത്യാവസ്ഥ പൂർണമായി പരിശോധിക്കാനുള്ള നടപടിയല്ല അത്. ലഭിച്ച വിവരം വ്യക്തമായി കോഗ്നിസബിൾ കുറ്റം വെളിപ്പെടുത്തുന്നുണ്ടെങ്കിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്താൻ പൊലീസിന് വിവേചനാധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

ഇഡി കൈമാറിയ വിവരങ്ങളിൽ ഗുരുതര ആരോപണങ്ങൾ

സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി കൈമാറിയ 25 പേജുള്ള വിവരങ്ങളിൽ സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വിശദമായി പരാമർശിച്ചിട്ടുണ്ടെന്ന് കോടതി ഉത്തരവിൽ പറയുന്നു. കൺസൾട്ടൻസി, വിപണന സേവനങ്ങൾ എന്നിവയുടെ പേരിൽ വീണ ടി.യുടെ സ്ഥാപനമായ എക്സാലോജിക്കിന് സിഎംആർഎൽ പണം നൽകിയെന്നതാണ് പ്രധാന ആരോപണം.

ഇഡി കൈമാറിയ വിവരങ്ങൾ ഉദ്ധരിച്ച്, എക്സാലോജിക്കിന് പ്രതിമാസം മൂന്ന് ലക്ഷം രൂപയും വീണയ്ക്ക് വ്യക്തിപരമായി അഞ്ച് ലക്ഷം രൂപയും മുൻകൂട്ടി നിശ്ചയിച്ചിരുന്നതായി കോടതി ഉത്തരവിൽ പരാമർശിക്കുന്നു. ആവശ്യമായ സേവനങ്ങൾ നൽകിയതിന് തെളിവായ രേഖകളോ കരാറുകളോ റിപ്പോർട്ടുകളോ ഹാജരാക്കാനായില്ലെന്നും ഇഡി ആരോപിച്ചതായി ഉത്തരവിൽ പറയുന്നു.

2016 ഡിസംബർ 30-ലെ നിയമനക്കത്തിൽ വീണയ്ക്കും അവരുടെ സ്ഥാപനത്തിനുമുള്ള അടിസ്ഥാനസൗകര്യ, പൊതുജനസമ്പർക്ക സാധ്യതകൾ കണക്കിലെടുത്താണ് നിയമനമെന്നു രേഖപ്പെടുത്തിയിരുന്നുവെന്നും ഇഡി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ബന്ധമാണ് പണം നൽകാൻ കാരണമെന്ന കണ്ടെത്തലും അന്വേഷണവിവരങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കോടതി ഉത്തരവിൽ പരാമർശിക്കുന്നു.

ബാങ്ക് രേഖകൾ പ്രകാരം വീണയ്ക്കും അവരുടെ സ്ഥാപനത്തിനും സിഎംആർഎല്ലിൽനിന്ന് ആകെ 3.28 കോടി രൂപ ലഭിച്ചതായി ഇഡി വ്യക്തമാക്കിയിട്ടുണ്ട്. സിഎംആർഎല്ലിന്റെ മുൻ സി.എഫ്.ഒയും സി.ജി.എം.യുമായ പി. സുരേഷ്‌കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ, മകൾ വഴി പിണറായി വിജയന് കൈക്കൂലി ലഭിച്ചുവെന്ന ആരോപണവും ഇഡി രേഖപ്പെടുത്തിയതായി ഉത്തരവിൽ പറയുന്നു. ഇവയെല്ലാം അന്വേഷണ ഏജൻസി ഉന്നയിച്ച ആരോപണങ്ങളാണെന്നും അവയുടെ സത്യാവസ്ഥ തുടർ അന്വേഷണത്തിലൂടെയാണ് നിർണയിക്കേണ്ടതെന്നും ശ്രദ്ധിക്കേണ്ടതാണ്.

വീണയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്തതായി ഇഡി പറയുന്ന ചുവന്ന നോട്ടുബുക്കിലെയും മറ്റ് കുറിപ്പുകളിലെയും വിവരങ്ങളും ഉത്തരവിൽ പരാമർശിക്കുന്നുണ്ട്. യുഎഇയിലെ ഫൈജാസ് എന്ന വ്യക്തി വഴിയുള്ള ഇടപാടുകളെയും വിദേശ ബാങ്ക് അക്കൗണ്ടുകളെയും കുറിച്ചുള്ള വിവരങ്ങൾ അതിലുണ്ടെന്നാണ് ഇഡിയുടെ വാദം. വീണയ്ക്ക് നിയമാനുസൃത വരുമാനമില്ലായിരുന്നുവെന്നും ഭർത്താവിനൊപ്പം സർക്കാർ അനുവദിച്ച മന്ത്രി ക്വാർട്ടേഴ്‌സിലായിരുന്നു താമസമെന്നും ഇഡി ആരോപിച്ചതായും കോടതി ഉത്തരവിൽ പറയുന്നു.

മുഹമ്മദ് റിയാസ് ഭാര്യയ്ക്ക് ജോലി അല്ലെങ്കിൽ വരുമാന അവസരം തേടിയെന്ന ആരോപണവും ദുബായ് കേന്ദ്രീകരിച്ചുള്ള വസ്ത്ര കയറ്റുമതി ബിസിനസ് സംബന്ധിച്ച നിർദേശം ഉയർന്നുവെന്ന സാക്ഷിമൊഴിയും ഇഡി വിവരങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. 2024 മേയ് 3 മുതൽ 19 വരെ റിയാസും വീണയും ഒരുമിച്ച് ദുബായ് സന്ദർശിച്ചതായി ഇമിഗ്രേഷൻ രേഖകളുണ്ടെന്നും ഇഡി ചൂണ്ടിക്കാട്ടിയതായി ഉത്തരവിൽ പറയുന്നു.

പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ തൈക്കണ്ടിയിൽ, എക്സാലോജിക് സൊല്യൂഷൻസ്, നിഖിൽ പി., ഹസൻ വാരിഷ്, ഫൈജാസ് വി.പി. എന്നിവരുടെ പേരുകളാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനായി ഇഡി കൈമാറിയ വിവരങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് കോടതി ഉത്തരവിൽ പറയുന്നു. കൈക്കൂലി പിരിവിലും കൈമാറ്റത്തിലും സഹായിച്ചെന്നതാണ് ഇവർക്കെതിരായ ആരോപണം. ലഭ്യമായ വിവരങ്ങൾ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം വെളിപ്പെടുത്തുന്നുണ്ടെന്നും അതിനാൽ വീണ്ടും പ്രാഥമിക അന്വേഷണം നടത്തേണ്ടതില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം. അന്വേഷണം നടത്തേണ്ടത് വിജിലൻസ് വകുപ്പാണെന്നും കോടതി വ്യക്തമാക്കി.

ഇഡി രേഖകൾ വിജിലൻസിന് കൈമാറണം

സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ കൈവശമുള്ള ഇഡി വിവരങ്ങൾ ഉടൻ സംസ്ഥാന വിജിലൻസിന് കൈമാറണമെന്ന് ഹൈക്കോടതി നിർദേശിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനായി വിജിലൻസ് ഈ വിവരങ്ങൾ കൈപ്പറ്റി നിയമാനുസൃത നടപടികൾ സ്വീകരിക്കണം. ആവശ്യമായ എല്ലാ രേഖകളും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉടൻ വിജിലൻസിന് കൈമാറണമെന്നും കോടതി ഉത്തരവിട്ടു. എഫ്ഐആർ രജിസ്റ്റർ ചെയ്തശേഷം അന്വേഷണത്തിന് ആവശ്യമായ മറ്റ് രേഖകൾ ഇഡിയോട് ആവശ്യപ്പെടാനും വിജിലൻസിന് സ്വാതന്ത്ര്യമുണ്ടാകും.

ഹർജിക്കാരന്റെ വാദം കോടതി അംഗീകരിച്ചു

പൊതുപ്രവർത്തകൻ കെ.എം. ഷാജഹാൻ നൽകിയ ഹർജി നിലനിൽക്കില്ലെന്നായിരുന്നു അഡ്വക്കറ്റ് ജനറലിന്റെ വാദം. ഹർജിക്കാരന് വിഷയത്തിൽ കോടതിയെ സമീപിക്കാൻ നിയമപരമായ അവകാശമില്ലെന്നും നേരത്തേ കോടതിയലക്ഷ്യ നടപടികൾ നേരിട്ടിട്ടുണ്ടെന്നും സർക്കാർ വാദിച്ചിരുന്നു.

എന്നാൽ ഈ വാദങ്ങൾ കോടതി തള്ളി. അഴിമതിക്കെതിരെ പ്രവർത്തിക്കുന്ന അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ ഹർജിക്കാരന് പൗരനെന്ന നിലയിൽ കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. മുൻകാല കോടതിയലക്ഷ്യ നടപടികൾ ഹർജി നൽകുന്നതിന് തടസ്സമല്ലെന്നും കോടതി നിരീക്ഷിച്ചു.

You may also like