Home Top Storiesസിഎംആർഎൽ–എക്‌സാലോജിക് കേസിൽ വിജിലൻസ് എഫ്‌ഐആർ; പിണറായി ഒന്നാം പ്രതി, വീണയ്ക്കെതിരെ രണ്ട് കേസുകൾ

സിഎംആർഎൽ–എക്‌സാലോജിക് കേസിൽ വിജിലൻസ് എഫ്‌ഐആർ; പിണറായി ഒന്നാം പ്രതി, വീണയ്ക്കെതിരെ രണ്ട് കേസുകൾ

by news_desk1
0 comments

തിരുവനന്തപുരം: സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ വിജിലൻസ് കേസെടുത്തതോടെ കേരള രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവ്. പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ ടി എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസിന്റെ നടപടി. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ഉടൻ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

അഴിമതി നിരോധന നിയമപ്രകാരമുള്ള കേസിൽ പിണറായി വിജയനാണ് ഒന്നാം പ്രതി. വീണ ടി രണ്ടാം പ്രതിയാണ്. ഈ കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസും പ്രതികളല്ല; റിയാസ് രണ്ടാമത്തെ കേസിലാണ് പ്രതിയാകുന്നത്. അഴിമതിപ്പണം വിദേശത്തേക്ക് കടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിൽ മുഹമ്മദ് റിയാസ് ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്. റിയാസിന്റെ സുഹൃത്തുക്കളെയും ഈ കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വീണ ടി രണ്ട് കേസുകളിലും പ്രതിയാണ്.

ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് പിന്നാലെയാണ് വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കേസിൽ നേരിട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ പിണറായി വിജയൻ അപ്പീൽ നൽകാൻ ഒരുങ്ങുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്താതെ തന്നെ കേസെടുത്ത് അന്വേഷണം ആരംഭിക്കാമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ഡി.ജി.പി. പുറപ്പെടുവിച്ച ഉത്തരവും കോടതി റദ്ദാക്കിയിരുന്നു. കെ.എം. ഷാജഹാൻ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

ഇ.ഡി. നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ആദ്യം പ്രാഥമിക അന്വേഷണം നടത്തണമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതിന് മുമ്പ് പ്രാഥമിക പരിശോധന വേണമെന്ന സുപ്രീം കോടതി നിർദേശവും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഈ വാദം അംഗീകരിക്കാതെയാണ് ഹൈക്കോടതി നേരിട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ അനുമതി നൽകിയത്.

സിഎംആർഎൽ–എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ വിവരങ്ങൾ ഉൾപ്പെട്ട രേഖകൾ ഇ.ഡി. സീൽ ചെയ്ത കവറിൽ സംസ്ഥാന സർക്കാരിനും ഹൈക്കോടതിക്കും കൈമാറിയിരുന്നു. ഈ രേഖകൾ പരിശോധിച്ച ശേഷമാണ് കേസെടുക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ, പ്രത്യേക അന്വേഷണസംഘത്തിന്റെ രൂപീകരണവും തുടർ അന്വേഷണ നടപടികളും ഇനി നിർണായകമാകും.

You may also like