കൊച്ചി: പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച കാറിടിച്ച് 55കാരൻ മരിച്ച സംഭവത്തിൽ ജഡ്ജിയായ പിതാവിനെതിരെയും കേസെടുത്തു. ഇരിങ്ങാലക്കുട മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിന്റെ ചുമതലയുള്ള അഡീഷനൽ ജില്ലാ ജഡ്ജിക്കെതിരെയാണ് നടപടി. സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി.
മരിച്ചയാളുടെ കുടുംബം ശക്തമായ പ്രതിഷേധം ഉയർത്തിയതിനു പിന്നാലെയാണ് പൊലീസ് പിതാവിനെതിരെ കേസെടുത്തത്. ചേരാനല്ലൂരിലായിരുന്നു അപകടം. കേസിലെ പ്രതിയായ 17കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യത്തിൽ വിട്ടിരുന്നു.
പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ വാഹനത്തിന്റെ രജിസ്‌ട്രേഷൻ ഉടമയ്‌ക്കെതിരെ കേസെടുക്കാൻ വ്യവസ്ഥ ചെയ്യുന്ന മോട്ടോർ വാഹന നിയമത്തിലെ 199-ാം വകുപ്പ് പ്രകാരമാണ് പിതാവിനെതിരെ കേസെടുത്തത്. ഈ വകുപ്പ് പ്രകാരം കുറ്റം തെളിഞ്ഞാൽ മൂന്ന് വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കാം.
