തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളക്കേസിലും ആടിയശിഷ്ടം നെയ്യ് ക്രമക്കേടിലും ആരോപണവിധേയനായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഒ.ജി. ബിജുവിന് വീണ്ടും പദവി നൽകി ദേവസ്വം ബോർഡ്. സ്പെഷ്യൽ ഓഫീസറായ ബിജുവിനെ ശബരിമല തീർഥാടനകാലത്ത് പ്രത്യേക കോ ഓർഡിനേറ്ററായി നിയമിക്കാനാണ് തീരുമാനം.
നിയമനത്തിൽ ബോർഡിനുള്ളിൽ ഭിന്നാഭിപ്രായം ഉയർന്നെങ്കിലും പരിചയസമ്പന്നനെന്ന പരിഗണനയിലാണ് ചുമതല നൽകിയതെന്നാണ് വിവരം. നേരത്തെ ബിജുവിന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായി തുടർനിയമനം നൽകാനുള്ള തീരുമാനം ഹൈക്കോടതി ഇടപെട്ട് തടഞ്ഞിരുന്നു.
എക്സിക്യൂട്ടീവ് ഓഫീസറുടെ ജോലിഭാരം കുറയ്ക്കുന്നതിനും പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും സഹായിക്കാനാണ് പുതിയ നിയമനമെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. പ്രത്യേക ചുമതലയാണെങ്കിലും നിയമനത്തിന് ഹൈക്കോടതിയുടെ അനുമതി ആവശ്യമായതിനാൽ തീരുമാനം സ്പെഷ്യൽ കമ്മിഷണർ വഴി കോടതിയെ അറിയിക്കും.
ആടിയശിഷ്ടം നെയ്യ്, അഷ്ടാഭിഷേകം എന്നിവയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ ബിജുവിന്റെ പങ്കിനെക്കുറിച്ച് സംശയങ്ങൾ നിലനിൽക്കുന്നതിനിടെയാണ് പുതിയ പദവി നൽകാനുള്ള തീരുമാനം.
