Home Keralaതെരുവുനായ്ക്കൾക്ക് വനമേഖലയ്ക്ക് സമീപം അഭയകേന്ദ്രങ്ങൾ; സ്ഥലം കണ്ടെത്താൻ കലക്ടർമാർക്ക് നിർദേശം

തെരുവുനായ്ക്കൾക്ക് വനമേഖലയ്ക്ക് സമീപം അഭയകേന്ദ്രങ്ങൾ; സ്ഥലം കണ്ടെത്താൻ കലക്ടർമാർക്ക് നിർദേശം

by news_desk1
0 comments

തിരുവനന്തപുരം: ജനവാസ മേഖലകളിലെ എതിർപ്പ് മറികടന്ന് തെരുവുനായ്ക്കൾക്ക് അഭയകേന്ദ്രങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാരിന്റെ പുതിയ നീക്കം. വനമേഖലയ്ക്ക് സമീപം ഷെൽട്ടറുകൾ സ്ഥാപിക്കുന്നതിനായി സ്ഥലം കണ്ടെത്താൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയതായി തദ്ദേശവകുപ്പ് മന്ത്രി കെ.എം. ഷാജി നിയമസഭയിൽ അറിയിച്ചു.

ജനവാസ മേഖലകളിൽ തെരുവുനായ്ക്കൾക്കായി അഭയകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് വനംവകുപ്പുമായി ചേർന്ന് പദ്ധതി നടപ്പാക്കാൻ സർക്കാർ ആലോചിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ ഷെൽട്ടറുകൾ സ്ഥാപിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ജനങ്ങളുടെ എതിർപ്പിനെത്തുടർന്ന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

അതിനിടെ, തിരുവനന്തപുരം നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന മൃഗശാല വനമേഖലയ്ക്ക് സമീപത്തേക്ക് മാറ്റണമെന്ന അഭിപ്രായം മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തേ മുന്നോട്ടുവച്ചിരുന്നു. മൃഗങ്ങൾക്ക് സ്വാഭാവിക ആവാസവ്യവസ്ഥ ലഭിക്കുന്നതിനായി മൃഗശാല നെയ്യാർ പോലുള്ള വനമേഖലയിലേക്കോ അനുയോജ്യമായ മറ്റിടങ്ങളിലേക്കോ മാറ്റുന്നത് പരിഗണിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം.

അതേസമയം, പൊതുസ്ഥലങ്ങളിൽനിന്ന് തെരുവുനായ്ക്കളെ സമയബന്ധിതമായി നീക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽനിന്ന് പിടികൂടുന്ന നായ്ക്കളെ മൃഗജനന നിയന്ത്രണ ചട്ടങ്ങൾക്കനുസരിച്ച് വന്ധ്യംകരിക്കുകയും വാക്‌സിനേഷൻ നടത്തുകയും ചെയ്തശേഷം ഷെൽട്ടറുകളിൽ പുനരധിവസിപ്പിക്കണമെന്നാണ് കോടതി നിർദേശം. പിടികൂടിയ നായ്ക്കളെ അതേ സ്ഥലത്ത് തിരികെ വിടരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

You may also like