തൃശ്ശൂർ: പൊതുജനാരോഗ്യത്തിന് ഭീഷണിയാകുംവിധം വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തെളിമ’ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയ നാല് സ്ഥാപനങ്ങൾ പൂട്ടിച്ച് ലൈസൻസ് സസ്പെൻഡ് ചെയ്തത്. വ്യാവസായിക അടിസ്ഥാനത്തിൽ എണ്ണക്കടികൾ നിർമ്മിച്ച് വിതരണം ചെയ്യുന്ന പ്രമുഖ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആദ്യദിന പരിശോധനകൾ.
മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബിന്റെ സഹായത്തോടെ നാല് പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു ഉദ്യോഗസ്ഥരുടെ സർപ്രൈസ് റെയ്ഡ്. പാചക എണ്ണയുടെ അപകടകരമായ പുനരുപയോഗവും ഉൽപ്പാദന കേന്ദ്രങ്ങളിലെ ശുചിത്വമില്ലായ്മയുമാണ് ഉദ്യോഗസ്ഥർ പ്രധാനമായും നിരീക്ഷിച്ചത്. പരിശോധന പൂർത്തിയാക്കിയ 12 സ്ഥാപനങ്ങളിൽ കടുത്ത ശുചിത്വക്കുറവ് കണ്ടെത്തിയ നാല് സമൂസ നിർമ്മാണ കേന്ദ്രങ്ങളുടെ പ്രവർത്തനമാണ് ഉടനടി നിർത്തിവെപ്പിച്ചത്. ഇതിന് പുറമെ എട്ട് സ്ഥാപനങ്ങൾക്ക് കനത്ത പിഴ ഈടാക്കാൻ ശുപാർശ നൽകുകയും ചെയ്തു.
അടിസ്ഥാന ശുചിത്വമില്ലാതെ സൂക്ഷിച്ചിരുന്ന പത്ത് കിലോഗ്രാമോളം വരുന്ന ഭക്ഷ്യവസ്തുക്കൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് നശിപ്പിച്ചു. കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി വിവിധ കേന്ദ്രങ്ങളിൽ നിന്നായി പാചക എണ്ണയുടെ 22 സാമ്പിളുകൾ ശേഖരിച്ച് ലാബിലേക്ക് അയച്ചിട്ടുണ്ട്. തൃശൂർ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ഇന്ദു വി. എസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരിശോധനകൾ നടന്നത്. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
