പാലക്കാട്: എണ്ണപ്പലഹാരങ്ങൾ തയ്യാറാക്കാൻ ഉപയോഗിച്ചിരുന്ന എണ്ണയുടെ ഗുണനിലവാരത്തിൽ വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് പാലക്കാട് നഗരത്തിലെ നിർമാണ കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന. ഭക്ഷ്യയോഗ്യമല്ലാത്ത 12 ലീറ്റർ എണ്ണ പിടിച്ചെടുത്തു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത നാല് സ്ഥാപനങ്ങൾക്ക് പിഴ നോട്ടിസും മറ്റൊരു സ്ഥാപനത്തിന് മുന്നറിയിപ്പ് നോട്ടിസും നൽകി.
പാചകത്തിന് ഉപയോഗിക്കുന്ന എണ്ണയുടെ തുടർച്ചയായ പുനരുപയോഗം തടയുന്നതിനായി നടപ്പാക്കുന്ന ‘ഓപ്പറേഷൻ തെളിമ’യുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. കഴിഞ്ഞ മാസം 29, 30 തീയതികളിലായിരുന്നു നടപടി.
എണ്ണക്കടികളും മറ്റ് പലഹാരങ്ങളും നിർമിക്കുന്ന നഗരത്തിലെ 12 സ്ഥാപനങ്ങളിലാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഇതിൽ നാല് സ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തി. തുടർന്നാണ് പിഴ നോട്ടിസ് നൽകിയത്. മറ്റൊരു സ്ഥാപനത്തിന് മുന്നറിയിപ്പും നൽകി.
ശുചിത്വം പാലിക്കാതെയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ സി.എസ്. രാജേഷ് അറിയിച്ചു.
