തിരുവനന്തപുരം: എംഎൽഎമാരുടെ വിമാനയാത്രാ അലവൻസ് റെയിൽവേ കൂപ്പണായും ഡീസൽ കൂപ്പണായും മാറ്റുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രി സണ്ണി ജോസഫ്. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നലെ എംഎൽഎമാരുടെ ശമ്പളവും വിവിധ ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതിനുള്ള ബില്ലുകൾ അവതരിപ്പിക്കുന്നതിനിടെയാണ് രസകരമായ ചർച്ചയുണ്ടായത്.
വിമാനയാത്രാ അലവൻസുമായി ബന്ധപ്പെട്ട ബില്ലിൽ, വിമാനസർവീസില്ലാത്ത സ്ഥലങ്ങളിലേക്ക് പോകുന്ന എംഎൽഎമാർക്ക് ഈ ആനുകൂല്യം എങ്ങനെ പ്രയോജനപ്പെടുമെന്ന ചോദ്യം സജി ചെറിയാൻ ഉന്നയിച്ചു. വിമാനത്താവളമുള്ള സ്ഥലങ്ങളിൽ മാത്രമല്ലേ വിമാനമുണ്ടാകൂവെന്നും വിമാനത്താവളമില്ലാത്ത ഇടങ്ങളിലേക്ക് എംഎൽഎമാർ എങ്ങനെ യാത്ര ചെയ്യുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണനും ചോദിച്ചു.
പൊതുവായ ആവശ്യം പരിഗണിച്ച് വിമാനയാത്രയ്ക്കുള്ള തുക റെയിൽവേ കൂപ്പണാക്കി മാറ്റാമെന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി. റോഡ് യാത്രയ്ക്കും ആനുകൂല്യം വേണമെന്ന് വി. ജോയ് എംഎൽഎ ആവശ്യപ്പെട്ടതോടെ ഡീസൽ കൂപ്പണായി നൽകുന്ന കാര്യവും പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചു.
എംഎൽഎമാർക്ക് അധിക ജീവനക്കാരെ അനുവദിക്കണമെന്ന പൊതുഅഭിപ്രായം ഉയർന്നതായി സ്പീക്കർ ചൂണ്ടിക്കാട്ടി. ഇക്കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി.
അതേസമയം, എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കാനാണ് മന്ത്രിസഭാ യോഗം നേരത്തേ തീരുമാനിച്ചിരുന്നത്. ഇതിന്റെ ഭാഗമായി എംഎൽഎമാരുടെ പ്രതിവർഷ ഇന്ധന കൂപ്പൺ തുക നാല് ലക്ഷം രൂപയിൽനിന്ന് അഞ്ച് ലക്ഷം രൂപയായി ഉയർത്തും. മുൻ എംഎൽഎമാരുടെ ഇന്ധന കൂപ്പൺ ഒരു ലക്ഷം രൂപയിൽനിന്ന് ഒന്നര ലക്ഷം രൂപയായും വർധിപ്പിക്കും.
