Home Keralaസെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധം; എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്, വളർമതി ഒന്നാം പ്രതി

സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധം; എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്, വളർമതി ഒന്നാം പ്രതി

by news_desk1
0 comments

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ജാഥ നടത്തിയ എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സിനെതിരെ പൊലീസ് കേസെടുത്തു. മെയിൻ ഗേറ്റ് പരിസരത്ത് നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് തിരിച്ചറിഞ്ഞ എട്ടുപേർക്കും കണ്ടാലറിയാവുന്ന 50 പേർക്കുമെതിരെയാണ് നടപടി. സമരസമിതി നേതാവ് വളർമതിയാണ് കേസിലെ ഒന്നാം പ്രതി.

എൽ.പി.എസ്.ടി സമരവുമായി ബന്ധപ്പെട്ട് നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് തലമുണ്ഡനം ചെയ്ത വളർമതി, സർക്കാർ നടപ്പാക്കിയ കാര്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. വിദ്യാർഥി–അധ്യാപക അനുപാതം കുറയ്ക്കണമെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്നും അവർ പറഞ്ഞു. പ്രതിപക്ഷത്തായിരുന്നപ്പോൾ പി.എസ്.സി ഉദ്യോഗാർഥികളുടെ സമരത്തെ പിന്തുണച്ചവർ ഇപ്പോൾ വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നതെന്നും വളർമതി വിമർശിച്ചു.

കഴിഞ്ഞ അഞ്ചുവർഷം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്തവരെ തിരിഞ്ഞുനോക്കാത്തവരാണ് ഇപ്പോൾ തലമുണ്ഡനം ചെയ്ത ചിത്രം ഉയർത്തിക്കാട്ടുന്നതെന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. സർക്കാരിന്റെ ഭാഗത്തുനിന്ന് കടുത്ത അവഗണന മാത്രമാണ് നേരിടുന്നതെന്ന് ആരോപിച്ചാണ് വളർമതി തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത്.

You may also like