തിരുവനന്തപുരം: എൽപിഎസ്ടി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് നിയമനം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയ വളർമതിയെ പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയതോടെ സമരം കൂടുതൽ ശക്തമാക്കാൻ ഉദ്യോഗാർഥികൾ. കൂട്ടനിരാഹാര സമരം പ്രഖ്യാപിച്ച പ്രതിഷേധക്കാർ സെക്രട്ടേറിയറ്റിന് മുന്നിൽനിന്ന് പിരിഞ്ഞുപോകാൻ തയ്യാറാകാതിരുന്നതോടെ പൊലീസുമായി വാക്കേറ്റവും സംഘർഷാവസ്ഥയും ഉണ്ടായി.
സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റിന് മുന്നിലായിരുന്നു പ്രതിഷേധം. സമരക്കാരെ പിന്തുണച്ച് യുവമോർച്ച, എബിവിപി പ്രവർത്തകരും എത്തിയതോടെ സ്ഥിതിഗതികൾ കൂടുതൽ സംഘർഷഭരിതമായി. ഗേറ്റിന് മുന്നിൽനിന്ന് മാറാൻ പ്രതിഷേധക്കാർ തയ്യാറാകാത്തതാണ് പൊലീസുമായുള്ള തർക്കത്തിന് ഇടയാക്കിയത്.
സമരപന്തലിലിരുന്ന ഉദ്യോഗാർഥികൾക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. സെക്രട്ടേറിയറ്റ് മെയിൻ ഗേറ്റിന് സമീപം പ്രതിഷേധജാഥ നടത്തി പൊതുജനങ്ങൾക്ക് തടസ്സമുണ്ടാക്കിയെന്നാരോപിച്ചാണ് നടപടി. തിരിച്ചറിഞ്ഞ എട്ടുപേർക്കും കണ്ടാലറിയാവുന്ന 50 പേർക്കുമെതിരെയാണ് കേസ്. സമരത്തിന് നേതൃത്വം നൽകിയ വളർമതിയാണ് ഒന്നാം പ്രതി. ഗേറ്റിന് മുന്നിൽ മുദ്രാവാക്യം വിളിച്ച് പൊതുജനങ്ങൾക്ക് തടസ്സമുണ്ടാക്കുന്ന രീതിയിൽ പെരുമാറിയെന്നാണ് എഫ്ഐആറിലെ ആരോപണം.
2025 മേയ് 31ന് പ്രസിദ്ധീകരിച്ച എൽപിഎസ്ടി റാങ്ക് പട്ടികയിൽനിന്ന് ഒരു വർഷം പിന്നിട്ടിട്ടും നിയമനം കാര്യമായി നടന്നിട്ടില്ലെന്നാണ് ഉദ്യോഗാർഥികളുടെ പരാതി. പല ജില്ലകളിലും ഒന്നാം റാങ്ക് നേടിയവർക്ക് പോലും നിയമനം ലഭിക്കാത്ത സാഹചര്യമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു. അധ്യാപക-വിദ്യാർഥി അനുപാതത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്തതിനെ തുടർന്നാണ് ഇടവേളയ്ക്കുശേഷം സമരം വീണ്ടും ആരംഭിച്ചത്.
അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കുന്നത് സർക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നതെന്ന് സമരസമിതി നേതാവ് വളർമതി ആരോപിച്ചിരുന്നു. അതേസമയം, എയ്ഡഡ് സ്കൂളുകളിൽ പണം വാങ്ങി നിയമനം നേടിയ അധ്യാപകർക്ക് അംഗീകാരം നൽകുന്നത് സാമ്പത്തിക ബാധ്യതയല്ലേയെന്നും സമരക്കാർ ചോദിച്ചിരുന്നു.
നേരത്തേ പ്രതീകാത്മകമായി പുല്ലും മണ്ണും തിന്ന് പ്രതിഷേധിച്ച ഉദ്യോഗാർഥികൾ, ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം വീണ്ടും ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി വളർമതി തല മുണ്ഡനം ചെയ്ത് നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. വളർമതിയെ ആശുപത്രിയിലേക്ക് മാറ്റിയതിനു പിന്നാലെ കൂട്ടനിരാഹാരം പ്രഖ്യാപിച്ചതോടെ സമരം പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
