പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷനിൽ യുട്യൂബർ രാജൻ ജോസഫിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം നിഷേധിച്ച് കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ. സ്റ്റേഷനിലെത്തി സെല്ലിന് മുന്നിൽവെച്ച് ‘സുഖമാണോ ചേട്ടാ’ എന്നുമാത്രമാണ് ചോദിച്ചതെന്നും അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ശ്രീനാദേവി വ്യക്തമാക്കി.
രാജൻ ജോസഫിനെ അറസ്റ്റ് ചെയ്ത വിവരം പൊലീസ് തന്നെ അറിയിച്ചിരുന്നു. പ്രതിയെ തിരിച്ചറിയുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് സ്റ്റേഷനിലെത്തിയത്. അകത്തേക്ക് കയറി സെല്ലിന് മുന്നിലെത്തി സംസാരിക്കുകയായിരുന്നു. അദ്ദേഹത്തിന് തന്നേക്കാൾ 20 വയസ്സിലേറെ പ്രായക്കൂടുതലുണ്ടെന്നും ശ്രീനാദേവി പറഞ്ഞു.
സ്ത്രീകളെ അധിക്ഷേപിക്കുന്ന യുട്യൂബറെ പിന്തുണയ്ക്കുന്ന നിലയിലേക്ക് അടൂരിലെ സിപിഎം നേതാക്കൾ അധഃപതിച്ചുവെന്നും അധികാരം നഷ്ടപ്പെട്ടതിന്റെ ചിത്തഭ്രമമാണ് സിപിഎം പ്രകടിപ്പിക്കുന്നതെന്നും അവർ ആരോപിച്ചു. സിപിഎം അടൂർ ഏരിയ സെക്രട്ടറി മനോജിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവിടുമെന്നും പൊലീസിൽനിന്ന് തനിക്ക് നീതി ലഭിച്ചെന്നും ശ്രീനാദേവി കൂട്ടിച്ചേർത്തു.
അടൂർ പൊലീസ് സ്റ്റേഷനിൽ ശ്രീനാദേവിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ അതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെയാണ് ജൂലൈ 11ലെ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. ശ്രീനാദേവിക്കെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ യുട്യൂബർ രാജൻ ജോസഫിനെ പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു സംഭവങ്ങൾ.
എറണാകുളത്തുനിന്നാണ് രാജൻ ജോസഫിനെ അടൂർ സ്റ്റേഷനിലെത്തിച്ചത്. പൊലീസ് ജീപ്പ് സ്റ്റേഷനിലെത്തിയപ്പോൾ തടഞ്ഞുനിർത്തുന്നതും രാജൻ ജോസഫിനെ ആക്രമിക്കാൻ ശ്രമിക്കുന്നതും കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷനിലേക്ക് ഇരച്ചുകയറുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നീട് ശ്രീനാദേവിയും പ്രവർത്തകരും സെല്ലിനുള്ളിലായിരുന്ന രാജൻ ജോസഫിനോട് സംസാരിക്കുന്നതും തട്ടിക്കയറുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.
