ദില്ലി: അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും രാഹുൽ ഗാന്ധിക്ക് അധികാരത്തിലെത്താനാകില്ലെന്ന പരിഹാസവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2029ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തുറന്നുകാട്ടപ്പെടുമെന്നും വീണ്ടും അഞ്ച് വർഷം കൂടി പ്രതിപക്ഷത്തിരിക്കാനുള്ള തയ്യാറെടുപ്പാണ് പാർട്ടി നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിലെ വ്യാപാരികളുടെ കച്ചവടം കോൺഗ്രസ് തകർത്തുവെന്നും അമിത് ഷാ ആരോപിച്ചു.
കോൺഗ്രസ് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ആരോപിച്ചു. ജനാധിപത്യത്തിൽ വിശ്വാസമില്ലാത്തവരാണ് കോൺഗ്രസെന്നും രാജ്യത്തെ 140 കോടി ജനങ്ങളെയല്ല, മൂന്ന് കോടി നുഴഞ്ഞുകയറ്റക്കാരെയാണ് പാർട്ടി വിശ്വസിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനവിധി അംഗീകരിക്കാൻ രാഹുൽ ഗാന്ധി തയ്യാറാകുന്നില്ലെന്നും നിതിൻ നബീൻ പറഞ്ഞു.
ഹിമാചൽ പ്രദേശ്, കർണാടക, കേരളം എന്നിവിടങ്ങളിൽ വിജയിക്കുമ്പോൾ ജനാധിപത്യത്തിന്റെ വിജയമായി വിശേഷിപ്പിക്കുന്ന കോൺഗ്രസ്, ഹരിയാന, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബിഹാർ, ബംഗാൾ എന്നിവിടങ്ങളിൽ പരാജയപ്പെടുമ്പോൾ ജനാധിപത്യം അപകടത്തിലാണെന്ന് ആരോപിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ഗാന്ധി കുടുംബത്തിന്റെ താൽപര്യങ്ങൾക്കനുസരിച്ച് ജനാധിപത്യത്തെ വ്യാഖ്യാനിക്കാനാണ് കോൺഗ്രസിന്റെ ശ്രമമെന്നും ആരോപിച്ചു.
രാംലീല റാലിക്കെതിരെയും ബിജെപി നേതാവ് ജെ.പി. നദ്ദ രംഗത്തെത്തി. രാജ്യത്ത് അശാന്തിയും അരാജകത്വവും സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ പിടിവാശി കാരണം ദില്ലിയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുകയാണെന്നും ഉത്സവകാലത്ത് നഗരത്തെ സ്തംഭിപ്പിക്കാനാണ് കോൺഗ്രസിന്റെ നീക്കമെന്നും നദ്ദ പറഞ്ഞു.
വ്യാപാരികളുടെ ഉപജീവനത്തെക്കുറിച്ച് കോൺഗ്രസിന് ആശങ്കയില്ലെന്നും ഉത്സവകാലത്ത് വൻ ജനക്കൂട്ടത്തെ ദില്ലിയിലെത്തിച്ച് വ്യാപാരം തടസ്സപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. വ്യാപാരികൾ നേതാക്കൾക്ക് കത്തയച്ചിട്ടും അത് പരിഗണിക്കാതെയാണ് കോൺഗ്രസ് മുന്നോട്ടുപോയത്. കോൺഗ്രസിന്റെ നടപടികളിൽ ‘ഇന്ത്യ’ സഖ്യത്തിലെ മറ്റു കക്ഷികൾക്കും പങ്കുണ്ടോയെന്നും നദ്ദ ചോദിച്ചു.
ബിജെപിയോടുള്ള വിരോധത്തിന്റെ പേരിൽ രാജ്യത്തെ ജനങ്ങളെയും വെറുക്കുകയാണോ കോൺഗ്രസെന്ന് ചോദിച്ച നദ്ദ, രാജ്യത്തിന്റെ വികസനമല്ല, നാശമാണ് പാർട്ടിയുടെ ലക്ഷ്യമെന്നും ആരോപിച്ചു. കോൺഗ്രസിന്റെ ‘അരാജകത്വ ടൂൾകിറ്റ്’ പുറത്തായെന്നും കലാപ രാഷ്ട്രീയമല്ല, ഭരണഘടനയും ജനവിധിയുമാണ് ഇന്ത്യയെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാംലീല റാലി കോൺഗ്രസിന്റെ രാഷ്ട്രീയ തകർച്ചയ്ക്ക് ആക്കം കൂട്ടുമെന്നും നദ്ദ കൂട്ടിച്ചേർത്തു
