കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സസ്പെൻഷൻ നടപടി നേരിടുന്ന വിദ്യാർഥികൾ നിയമപോരാട്ടം സുപ്രീം കോടതിയിലേക്ക് നീട്ടി. പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. പരീക്ഷകൾക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഹർജിയിൽ സുപ്രീം കോടതി എടുക്കുന്ന തീരുമാനം നിർണായകമാകും.
ഫീസ് സ്വീകരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. അന്വേഷണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ സസ്പെൻഷൻ ശിക്ഷാനടപടിയായി കണക്കാക്കാനാകില്ലെന്നാണ് അവരുടെ വാദം. പി.ജി. വിദ്യാർഥികളുടെ പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. സമരത്തിൽ പങ്കെടുക്കുന്ന ഏഴ് വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനുള്ള അവസരമാണ് നഷ്ടമാകുന്നത്. ആറിന് ആരംഭിക്കുന്ന ബിരുദ പരീക്ഷ എഴുതേണ്ട മൂന്ന് വിദ്യാർഥികളും സസ്പെൻഷൻ നടപടി നേരിടുന്നുണ്ട്.
വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകാനാകില്ലെന്നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ചട്ടങ്ങൾ പാലിക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചതെന്നും യുജിസി മാനദണ്ഡങ്ങളും സർവകലാശാല നിയമവും പാലിച്ചില്ലെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചിരുന്നു. വൈസ് ചാൻസലറുടെ അപ്പീൽ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു സർവകലാശാല വൈസ് ചാൻസലർ തന്നെ കോടതിയിൽ അപ്പീൽ നൽകുന്നത് ചരിത്രത്തിലാദ്യമായാണെന്നാണ് റിപ്പോർട്ട്. വിദ്യാർഥികൾക്ക് ആവശ്യമായ ഹാജർനിലയില്ലെന്നായിരുന്നു അപ്പീലിലെ പ്രധാന വാദം. എന്നാൽ വൈസ് ചാൻസലർ സിസ തോമസിനെതിരായ സമരത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് വിദ്യാർഥികളെ 60 ദിവസം മുമ്പ് സസ്പെൻഡ് ചെയ്തതെന്നാണ് വിദ്യാർഥികളുടെ നിലപാട്.
അതേസമയം, സർവകലാശാലയിൽ വിദ്യാർഥികളുടെ നിരാഹാര സമരം തുടരുകയാണ്. പരീക്ഷ എഴുതാൻ കഴിയുമോ എന്ന കാര്യത്തിൽ സുപ്രീം കോടതിയുടെ തീരുമാനം കാത്തിരിക്കുകയാണ് വിദ്യാർഥികളും സർവകലാശാലാ അധികൃതരും.
