Home Top Stories‘കയ്യടിക്കുവേണ്ടി നാണംകെട്ട നിലപാടുകൾ വേണ്ട’; അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമത്തിൽ മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം

‘കയ്യടിക്കുവേണ്ടി നാണംകെട്ട നിലപാടുകൾ വേണ്ട’; അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമത്തിൽ മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം

by news_desk1
0 comments

തിരുവനന്തപുരം:  അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ കർശന നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാകുന്നു. കേസിൽ പ്രതിചേർക്കപ്പെട്ട ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് പിന്തുണയുമായാണ് ഒരു വിഭാഗം രംഗത്തെത്തിയത്. മുഖ്യമന്ത്രി വി.ഡി. സതീശനെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും ലക്ഷ്യമിട്ടുള്ള വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

യൂട്യൂബർ രാജൻ ജോസഫിനെ ലോക്കപ്പിൽ പോയി കണ്ടതിൽ എന്താണ് തെറ്റെന്നും മറ്റുള്ളവരുടെ കയ്യടി നേടാൻ വേണ്ടി ഇത്തരം നിലപാടുകൾ സ്വീകരിക്കരുതെന്നുമാണ് ചിലരുടെ പ്രതികരണം. ശ്രീനാദേവി കുഞ്ഞമ്മയുടെ അനുയായികൾക്കൊപ്പം രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നവരും ഇത്തരം പോസ്റ്റുകൾ പങ്കുവയ്ക്കുന്നുണ്ട്.

ശ്രീനാദേവിക്കെതിരെ കേസെടുക്കാൻ ആവശ്യമായ തെളിവുകൾ പുറത്തുവന്ന ദൃശ്യങ്ങളിലില്ലെന്നാണ് ചിലരുടെ വാദം. കേസെടുത്തതുകൊണ്ട് സർക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുമെങ്കിൽ അതു നല്ല കാര്യമാണെന്ന പരിഹാസവും ഉയരുന്നുണ്ട്. ശ്രീനാദേവി ചെയ്തതിൽ അസ്വാഭാവികമായി ഒന്നും തോന്നുന്നില്ലെന്നും അവരെ അറസ്റ്റ് ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ പിടിവാശി വേദനിപ്പിക്കുന്നുവെന്നും ചില പോസ്റ്റുകളിൽ പറയുന്നു. സിപിഐഎമ്മിന്റെ കയ്യടി നേടാൻ വേണ്ടി നാണംകെട്ട നിലപാടുകൾ സ്വീകരിക്കരുതെന്ന വിമർശനവും ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിലാണ് അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചത്. വിഷയം പൊലീസ് ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്നും പൊലീസ് സ്റ്റേഷനിൽ ഇത്തരം അതിക്രമങ്ങൾ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീനാദേവി കുഞ്ഞമ്മയെ അനുകൂലിക്കുന്നവർ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്.

അതേസമയം, കേസിൽ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് പൊലീസിന്റെ സഹായം ലഭിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. പ്രതിചേർത്തിട്ടും അവരെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ലെന്നാണ് വിമർശനം. മുൻകൂർ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്നും ആരോപണമുണ്ട്. പൊലീസ് സ്റ്റേഷൻ അതിക്രമവുമായി ബന്ധപ്പെട്ട് ഭാരതീയ ന്യായസംഹിതയിലെ 333-ാം വകുപ്പാണ് ശ്രീനാദേവിക്കെതിരെ ചുമത്തിയിരിക്കുന്നത്.

പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയിട്ടില്ലെന്നും കലാപത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്നുമാണ് ശ്രീനാദേവി കുഞ്ഞമ്മ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരിക്കുന്നത്. കേസിൽ പ്രതിചേർത്തതിന് പിന്നാലെ വ്യാഴാഴ്ച ഉച്ചയോടെ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിൽ അവർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. കോടതി ഇന്ന് റിപ്പോർട്ട് തേടുമെങ്കിലും പൊലീസ് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ സാധ്യതയില്ലെന്നാണ് വിവരം. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ അപേക്ഷയിൽ വാദം കേൾക്കാനാണ് സാധ്യത.

കേസിലെ ഒന്നാം പ്രതിയായ ഉണ്ണിത്താന് നേരത്തേ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥന് കാര്യമായ പരിക്കില്ലെന്നും കഴുത്തിന്റെ ഭാഗത്ത് തിണർപ്പ് മാത്രമാണുള്ളതെന്നുമായിരുന്നു ഉണ്ണിത്താന്റെ അഭിഭാഷകന്റെ വാദം. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് കാര്യമായ വാദം ഉയരാതിരുന്നതോടെയാണ് ജാമ്യം ലഭിച്ചത്. ഒന്നാം പ്രതിക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിൽ മറ്റുള്ളവർക്കും അതേ പരിഗണന നൽകണമെന്ന വാദമാണ് കേസിലെ മറ്റൊരു പ്രതിയും യൂത്ത് കോൺഗ്രസ് അടൂർ നിയോജകമണ്ഡലം പ്രസിഡന്റുമായ ജയകൃഷ്ണൻ ഉയർത്തിയത്. ഇതേത്തുടർന്ന് ജയകൃഷ്ണനും മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.

You may also like