തിരുവനന്തപുരം: ബാർ ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുന്നതിനിടെ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിനെ സ്ഥാനത്തുനിന്ന് മാറ്റി. പകരം അഡീഷനൽ എക്സൈസ് കമ്മീഷണർക്ക് ചുമതല നൽകി. പുതിയ ബാറുകൾക്ക് അനുമതി നൽകിയതിൽ മന്ത്രി എം. ലിജു പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് നടപടി.
കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ സാംബശിവ റാവുവിന്റെ നടപടികൾ ദുരൂഹമാണെന്നും എക്സൈസ് വകുപ്പിന് നാണക്കേടുണ്ടാക്കുന്നതാണെന്നും മന്ത്രി വിമർശിച്ചിരുന്നു. ബാറുകൾക്ക് അനുമതി നൽകുന്ന കാര്യം സർക്കാരിനെ അറിയിക്കേണ്ടതായിരുന്നുവെന്നും മന്ത്രി പറഞ്ഞു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ചതിൽ ഇടപെടുമെന്നും ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സർക്കാരുമായോ വകുപ്പ് മന്ത്രിയുമായോ കൂടിയാലോചന നടത്താതെയാണ് കമ്മീഷണർ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടതെന്നാണ് മന്ത്രിയുടെ വിമർശനം. സർക്കാർ അറിഞ്ഞ് തീരുമാനമെടുക്കേണ്ട കാര്യങ്ങളിൽ താഴെത്തട്ടിൽ തീരുമാനമെടുക്കാൻ അധികാരം നൽകിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ഇത് മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സൃഷ്ടിച്ച സംവിധാനമാണെന്നും മന്ത്രി ആരോപിച്ചു. മുൻ സർക്കാർ സൃഷ്ടിച്ച എല്ലാ പഴുതുകളും അടയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാൽ, നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് സാംബശിവ റാവുവിന്റെ വിശദീകരണം. മന്ത്രി രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലെന്നും ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്ന ഉദ്യോഗസ്ഥനാണ് താനെന്നും അദ്ദേഹം പറഞ്ഞു. സദ്ഭരണമാണ് ലക്ഷ്യമെന്നും ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുമ്പോൾ ആരോപണങ്ങൾ നേരിടേണ്ടിവരാമെന്നും വ്യക്തമാക്കി. അനാവശ്യ തിടുക്കം കാണിച്ചിട്ടില്ലെന്നും മന്ത്രിയുമായി വ്യക്തിപരമായോ ഔദ്യോഗികമായോ പ്രശ്നങ്ങളില്ലെന്നും സാംബശിവ റാവു പ്രതികരിച്ചിരുന്നു.
