കൊച്ചി: നടിയും നടനുമടക്കം പ്രതികളായ ഡോക്ടർ മർദനക്കേസിൽ നിർണായക വഴിത്തിരിവ്. മർദനത്തിനും പിടിച്ചുപറിക്കും ഇരയായെന്ന് ആരോപിച്ച് പരാതി നൽകിയ ഡോ. ജോൺസൺ കെ. വർഗീസിനെതിരെ ബലാത്സംഗക്കേസ്. മദ്യം നൽകി അവശയാക്കിയശേഷം ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത്. നടിയുടെ അടുത്ത ബന്ധുവായ യുവതിയാണ് ഡോക്ടർക്കെതിരെ പരാതി നൽകിയത്. നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോക്ടറെ സംഭവത്തിനു പിന്നാലെ ജോലിയിൽനിന്ന് പുറത്താക്കി.
പരാതിക്കാരിയുടെ കുടുംബ ഡോക്ടർ കൂടിയാണ് ജോൺസൺ. കഴിഞ്ഞ മാസം ഇൻഫോപാർക്കിന് സമീപത്തെ ഹോട്ടലിൽവച്ച് മദ്യം നൽകിയശേഷം പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. തന്റെ ചിത്രങ്ങൾ ഡോക്ടർ പകർത്തിയിട്ടുണ്ടോയെന്ന സംശയവും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
യുവതിയുടെ ബന്ധുവായ നടിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബന്ധുവിന് അസുഖമാണെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയശേഷം പീഡനപരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തി മർദിച്ചെന്നായിരുന്നു ഡോ. ജോൺസൺ കടവന്ത്ര പൊലീസിൽ നൽകിയ പരാതി. മൂന്നേകാൽ ലക്ഷം രൂപ വിലവരുന്ന രണ്ട് മൊബൈൽ ഫോണുകളും വാച്ചും ഇയർപോഡും സംഘം പിടിച്ചുപറിച്ചെന്നും പരാതിയിൽ ആരോപിച്ചിരുന്നു.
തുടർന്ന് നടിയടക്കം 12 പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. നടി, നടനും പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമായ ബിബിൻ പെരുമ്പിള്ളി, സുഹൃത്ത് കെ.ബി. വിഷ്ണു എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നിരവധി കേസുകളിൽ പ്രതിയാണ് വിഷ്ണു എന്നാണ് വിവരം.
സംഭവം നടന്ന് രണ്ടു ദിവസത്തിനു ശേഷമാണ് ഡോക്ടർ പരാതി നൽകിയത്. ശാരീരിക വേദന രൂക്ഷമായതും പ്രതികൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിലുള്ള ഭയവുമാണ് പരാതി നൽകാൻ വൈകിയതെന്ന് ഡോക്ടർ വിശദീകരിച്ചിരുന്നു. നടിയും സംഘവും അറസ്റ്റിലായതിനു പിന്നാലെ സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിനിടെയാണ് ഡോക്ടർക്കെതിരെ യുവതി ബലാത്സംഗ പരാതി നൽകിയിരിക്കുന്നത്.
