തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് പെട്ടെന്ന് ഒഴിവാക്കിയ നടപടിയിൽ കടുത്ത അമർഷവും അതൃപ്തിയും പ്രകടമാക്കി സീറാം സാംബശിവറാവു. ചട്ടപ്രകാരം മാത്രം പ്രവർത്തിച്ചിട്ടും തന്നെ എന്തിനാണ് മാറ്റിയതെന്ന് മനസ്സിലാകുന്നില്ലെന്ന് സ്ഥാനമൊഴിഞ്ഞ സീറാം സാംബശിവറാവു തുറന്നടിച്ചു. അറിയേണ്ടതും അറിയിക്കേണ്ടതുമായ കാര്യങ്ങളെല്ലാം കൃത്യസമയത്ത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. സർക്കാരിന് ദോഷം വരുത്തുന്ന ഏതെങ്കിലും തരത്തിലുള്ള പ്രവൃത്തി തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോ എന്നും അദ്ദേഹം പരസ്യമായി ചോദിച്ചു.
യാത്രയയപ്പ് ചടങ്ങുകളും ഔദ്യോഗിക വാഹനവും പൂർണ്ണമായും ഉപേക്ഷിച്ചാണ് അദ്ദേഹം ഓഫീസിൽ നിന്നും ഇറങ്ങിയത്. തന്നെ മാറ്റിയതിന് പിന്നിൽ സർക്കാരിന് പ്രത്യേക താത്പര്യങ്ങൾ ഉണ്ടാകാമെന്ന സൂചന നൽകിയ അദ്ദേഹം, സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ അഴിമതി റിപ്പോർട്ട് സമർപ്പിച്ചാണ് കസേര വിട്ടത്. ജോയിന്റ് എക്സൈസ് കമ്മീഷണർ എസ്. വിനോദും ഡെപ്യൂട്ടി കമ്മീഷണർ അജയും ബാറ ഉടമകളിൽ നിന്ന് ലക്ഷങ്ങളുടെ കൈക്കൂലി വാങ്ങിയെന്നും ഇവർക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തിട്ടുണ്ട്.
അതിനിടെ, വിവാദങ്ങൾക്ക് വഴിവെച്ച വിമാനത്താവളത്തിലെ ബാർ ലൈസൻസ് അനുവദിച്ച നടപടിയെ സാംബശിവറാവു പൂർണ്ണമായും ന്യായീകരിച്ചു. എഫ്.എൽ 7 ലൈസൻസ് അനുവദിക്കാൻ എക്സൈസ് കമ്മീഷണർക്ക് നിയമപരമായ അധികാരമുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, വിമാനത്താവള അധികൃതരുടെയും കസ്റ്റംസ് കമ്മീഷണറുടെയും പൂർണ്ണ സമ്മതത്തോടെയാണ് ലോഞ്ച് ബാർ ലൈസൻസ് നൽകിയതെന്നും വിശദീകരിച്ചു. കൃത്യമായ നിലപാടുകൾ ഉറക്കെപ്പറഞ്ഞ് എക്സൈസ് മേധാവി പടിയിറങ്ങുന്നത് വരും ദിവസങ്ങളിൽ സംസ്ഥാന രാഷ്ട്രീയത്തിലും എക്സൈസ് വകുപ്പിലും വൻ കൊടുങ്കാറ്റിന് വഴിതുറക്കുമെന്ന് ഉറപ്പാണ്.
