തിരുവനന്തപുരം: യു.ഡി.എഫിൽ യാതൊരു പ്രശ്നവുമില്ലെന്നും മന്ത്രിസഭയിൽ എല്ലാവരും ഒറ്റക്കെട്ടായി ഒരു ടീമായാണ് പ്രവർത്തിക്കുന്നതെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഓരോ വകുപ്പിലെയും തീരുമാനങ്ങൾ അതത് മന്ത്രിമാരുമായി ആലോചിച്ചാണ് മുഖ്യമന്ത്രി കൈക്കൊള്ളുന്നതെന്നും തന്റെ വകുപ്പിന്റെ കാര്യത്തിൽ മുഖ്യമന്ത്രിയുമായി കൂടിയാലോചനകൾ നടക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി വാങ്ങേണ്ട ആവശ്യം ഇപ്പോൾ ഇല്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയതെന്നും എന്നാൽ ഭാവിയിൽ വൈദ്യുതി ആവശ്യമായി വന്നേക്കാമെന്നും മന്ത്രി പ്രതികരിച്ചു. പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളും മന്ത്രിസഭയിൽ ചർച്ച ചെയ്യാറുണ്ട്. അടൂർ പ്രകാശ് പാർട്ടിയുടെ അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും എല്ലാ കാര്യങ്ങളും ഭംഗിയായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചർച്ചകളും കൂടിയാലോചനകളും കൃത്യമായി നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ എൻഡോക്രൈനോളജി വിഭാഗം മേധാവിയുടെ യോഗ്യതയുമായി ബന്ധപ്പെട്ട വിവാദത്തിലും കെ. മുരളീധരൻ പ്രതികരിച്ചു. വിഷയത്തിൽ പരിഹാരമുണ്ടാകുമെന്നും താൻ ചുമതലയേറ്റിട്ട് ഇന്നലെ മാത്രമായെന്നും അദ്ദേഹം പറഞ്ഞു. വിഭാഗം മേധാവിയായി പുതിയ ആൾ എത്തുമെന്നും മന്ത്രി വ്യക്തമാക്കി.
മെഡിക്കൽ കോളജിൽ ലാബ് ആരംഭിക്കുന്നത് സാധാരണക്കാരായ രോഗികൾക്ക് വേണ്ടിയാണെന്നും സി.എസ്.ആർ ഫണ്ട് ആരിൽനിന്ന് ലഭിച്ചാലും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മെഡിക്കൽ കോളജിന്റെ പൊതുസ്വത്തിൽ കൈയിടാൻ ആരെയും അനുവദിക്കില്ല. ഉപകരണങ്ങൾ വാങ്ങുന്നത് സുതാര്യമായ രീതിയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ പത്തുവർഷം ഇത്തരം കാര്യങ്ങൾ നശിപ്പിച്ചവർക്ക് ഇപ്പോൾ എല്ലാം ശരിയായിക്കാണുമ്പോൾ അസ്വസ്ഥതയുണ്ടാകുന്നതാണെന്നും അതിനുള്ള മരുന്ന് തങ്ങളുടെ കൈവശമില്ലെന്നും അദ്ദേഹം വിമർശിച്ചു.
