തിരുവനന്തപുരം: വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ച വൈദ്യുതി പർച്ചേസ് തർക്കത്തിൽ സമവായ നീക്കം. ക്ലിഫ് ഹൗസിൽ നടന്ന ചർച്ചയിൽ അഭിപ്രായവ്യത്യാസങ്ങൾ അയയുകയും ഭാവിയിലെ വൈദ്യുതി ആവശ്യങ്ങൾ മുന്നിൽക്കണ്ട് പുതിയ കരാർ സാധ്യതകൾ തേടാൻ ധാരണയാകുകയും ചെയ്തു. നിലവിൽ സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമില്ലെന്നും അടുത്ത രണ്ടു മാസത്തേക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.
മുഖ്യമന്ത്രിയും മന്ത്രിമാരായ സണ്ണി ജോസഫും രമേശ് ചെന്നിത്തലയും പങ്കെടുത്ത ചർച്ചയിലാണ് നിർണായക ധാരണയുണ്ടായത്. കെഎസ്ഇബി എംഡിയുമായി പ്രത്യേകം ചർച്ച നടത്തിയെന്ന ആരോപണവും മുഖ്യമന്ത്രി വിശദീകരിച്ചു. ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷമാണ് എംഡിയുമായി സംസാരിച്ചതെന്നും അത് പ്രത്യേക ചർച്ചയായിരുന്നില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. ചർച്ചയിൽ സണ്ണി ജോസഫ് എതിർപ്പൊന്നും ഉന്നയിച്ചില്ല. ഭാവിയിലെ വൈദ്യുതി ആവശ്യങ്ങൾ കണക്കിലെടുത്ത് പുതിയ കരാർ സാധ്യതകൾ പരിശോധിക്കാനാണ് ധാരണയായത്.
ബോർഡ്–കോർപറേഷൻ ചർച്ചയ്ക്കിടെയായിരുന്നു വൈദ്യുതി പർച്ചേസ് വിവാദവും ചർച്ചയായത്. ജിഎൻഎയുമായുള്ള വൈദ്യുതി കരാർ റദ്ദാക്കിയ വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ തുറന്നുപറച്ചിലാണ് നേരത്തെ വിവാദത്തിന് തുടക്കമിട്ടത്. ജിഎൻഎയുമായുള്ള കരാർ റദ്ദാക്കിയതിലും ഹിമാചലിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കത്തിലും മന്ത്രിക്ക് അതൃപ്തിയുണ്ടായിരുന്നു.
വൈദ്യുതി ബോർഡ് ചെയർമാനും ഊർജ സെക്രട്ടറിയും മുഖ്യമന്ത്രിയുമായി ചർച്ച നടത്തി തീരുമാനമെടുത്തെന്നാണ് വാർത്തകളിലൂടെ മനസ്സിലാക്കിയതെന്നും മന്ത്രി പറഞ്ഞിരുന്നു. തന്നെ മറികടന്ന് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി കാര്യങ്ങൾ തീരുമാനിച്ചതിലുള്ള പ്രതിഷേധമാണ് ഇതിലൂടെ പുറത്തുവന്നത്.
എന്നാൽ മന്ത്രിയുടെ വാദം മുഖ്യമന്ത്രി പരസ്യമായി തള്ളിയതും വിവാദം കൂടുതൽ കടുപ്പിച്ചു. വൈദ്യുതി ബോർഡ് അയച്ച ഫയൽ മന്ത്രിയാണ് തനിക്ക് കൈമാറിയതെന്നും തീരുമാനമെടുത്തശേഷം അത് മന്ത്രിക്കുതന്നെ തിരിച്ചയച്ചെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മന്ത്രി പിന്നീട് ഫയൽ ബോർഡിന് കൈമാറുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, വിവാദങ്ങൾക്കിടെ കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്ത് ഇന്നലെ സണ്ണി ജോസഫിനെ കണ്ടിരുന്നു. ഇതുവരെയുള്ള സംഭവവികാസങ്ങൾ ചെയർമാൻ മന്ത്രിയെ ധരിപ്പിച്ചതായാണ് സൂചന. ഇതിനു പിന്നാലെയാണ് ക്ലിഫ് ഹൗസിൽ സമവായ ചർച്ച നടന്നത്. വൈദ്യുതി കരാർ വിവാദം കൂടുതൽ രൂക്ഷമായ രാഷ്ട്രീയ പോരിലേക്ക് നീങ്ങുമെന്ന ഘട്ടത്തിൽ നടന്ന ചർച്ചയിലെ ധാരണകൾ ശ്രദ്ധേയമാണ്.
