തിരുവനന്തപുരം: ശ്രീകാര്യം പാങ്ങാപ്പാറയിൽ അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ നിർണായക ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് പൊലീസ്. കൊലപാതകം നടന്ന സമയത്ത് ഒന്നും രണ്ടും പ്രതികൾ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കാൻ സഹായിക്കുന്ന തെളിവുകളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. സംഭവസ്ഥലത്തുനിന്ന് ഫൊറൻസിക് വിഭാഗം ശേഖരിച്ച മണ്ണിന്റെയും ഇലകളുടെയും അവശിഷ്ടങ്ങൾക്ക് സമാനമായവ ഒന്നാം പ്രതിയുടെ വീട്ടിൽനിന്ന് കണ്ടെടുത്ത പാന്റ്‌സിൽ കണ്ടെത്തി.
കൊലപാതകസമയത്ത് ഒന്നാം പ്രതി ധരിച്ചിരുന്ന പാന്റ്‌സിൽ മൽപിടിത്തത്തിനിടെ പുരണ്ട മണ്ണ്, ഇലകൾ, ചെടികളുടെ പൂക്കളുടെ അവശിഷ്ടങ്ങൾ എന്നിവയാണ് ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയത്. കഴിഞ്ഞ ദിവസമാണ് ഒന്നാം പ്രതിയുടെ വീട്ടിൽനിന്ന് പാന്റ്‌സ് ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ പൊലീസ് കണ്ടെടുത്തത്. സംഭവസ്ഥലത്ത് ഇന്നലെ നടത്തിയ പരിശോധനയിലും നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.
രണ്ടാം പ്രതി ഉമറിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും പൊലീസ് നീക്കം നടത്തുന്നുണ്ട്. പ്രതികൾ ലഹരി ഉപയോഗിച്ചശേഷമാണോ കൊലപാതകം നടത്തിയതെന്നും അന്വേഷിക്കുന്നുണ്ട്. അഭിരാമിനോട് സുഹൃത്തിനെ വിളിക്കാൻ ആവശ്യപ്പെട്ടപ്പോൾ ആദ്യം ഒരുതവണ മാത്രമാണ് വിളിച്ചത്. സുഹൃത്ത് വരില്ലെന്ന് അറിയിച്ചതോടെ വീണ്ടും വിളിക്കാൻ പ്രതികൾ ആവശ്യപ്പെട്ടു. എന്നാൽ അഭിരാം ഇതിന് തയ്യാറാകാതെ പോകാൻ ശ്രമിച്ചതോടെ ഉമർ ബെൽറ്റ് ഉപയോഗിച്ച് കഴുത്തിൽ മുറുക്കുകയും ഒന്നാം പ്രതി കഴുത്തുഞെരിക്കുകയും ചെയ്തെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
