ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഫോൺ ചോർത്തൽ ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ വിദേശബന്ധങ്ങൾ ഉൾപ്പെടെയുള്ള നിർണായക വിവരങ്ങളും തെളിവുകളും തന്റെ ഫോണിലുണ്ടെന്നും അതുകൊണ്ടാണ് മോദി നേരിട്ടുള്ള സംവാദത്തിന് തയ്യാറാകാത്തതെന്നുമാണ് രാഹുലിന്റെ ആരോപണം. സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം പ്രധാനമന്ത്രിയെ വെല്ലുവിളിച്ചത്.
‘തെളിവുകൾ ഇവിടെയുണ്ട്, ഈ ഫോണിലുണ്ട്. പ്രധാനമന്ത്രിക്ക് ഇക്കാര്യം അറിയാം. കാരണം അദ്ദേഹം എന്റെ ഫോൺ ചോർത്തുന്നുണ്ട്. നേരിട്ടുള്ള സംവാദത്തിന് അദ്ദേഹം തയ്യാറാകുന്ന നിമിഷം ആരാണ് വിദേശശക്തികളുടെ നിയന്ത്രണത്തിലുള്ളതെന്നും ആരാണ് രാജ്യദ്രോഹിയെന്നും വ്യക്തമാകും. അദ്ദേഹം എപ്പോഴാണ് രാജ്യദ്രോഹിയായത് എന്നതുൾപ്പെടെ നിരവധി വിവരങ്ങൾ എന്റെ ഫോണിലുണ്ട്’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.
ദീപാവലിയോടനുബന്ധിച്ച് സ്വന്തം അനുകൂല മാധ്യമങ്ങൾ സംഘടിപ്പിച്ച പരിപാടിയിൽപ്പോലും പ്രധാനമന്ത്രി ടെലിപ്രോംപ്റ്ററിന്റെ സഹായം തേടിയെന്ന് രാഹുൽ പരിഹസിച്ചു. വേദിയും സാഹചര്യവും അനുകൂലമായിരുന്നിട്ടും തയ്യാറാക്കിയ തിരക്കഥയുടെ സഹായമില്ലാതെ സംസാരിക്കാൻ മോദിക്ക് കഴിഞ്ഞില്ലെന്നായിരുന്നു വിമർശനം.
തന്നോടുള്ള സംവാദത്തിന് മോദിക്ക് ടെലിപ്രോംപ്റ്ററും ഇഷ്ടമുള്ള വിധികർത്താവിനെയും കൊണ്ടുവരാമെന്നും രാഹുൽ വെല്ലുവിളിച്ചു. സംവാദത്തിന് പ്രധാനമന്ത്രി തയ്യാറാകണം. യഥാർഥ രാജ്യദ്രോഹി ആരാണെന്ന് അറിയാൻ രാജ്യം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
