Home Keralaശബരിമലയിലെ നെയ്യ് തട്ടിപ്പ് തമിഴ്‌നാട്ടിലേക്കും; 50 ലക്ഷം രൂപയുടെ ഇടപാടിൽ പ്രമുഖ വ്യാപാരികൾ അറസ്റ്റിൽ

ശബരിമലയിലെ നെയ്യ് തട്ടിപ്പ് തമിഴ്‌നാട്ടിലേക്കും; 50 ലക്ഷം രൂപയുടെ ഇടപാടിൽ പ്രമുഖ വ്യാപാരികൾ അറസ്റ്റിൽ

by news_desk1
0 comments

തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ പ്രമുഖ നെയ്യ് വ്യാപാരികളായ വെങ്കിടേശ്വരനെയും കുമരനെയും വിജിലൻസ് അറസ്റ്റ് ചെയ്തു. ഒട്ടൻഛത്രം സ്വദേശികളായ ഇരുവരെയും കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കേസിലെ മുഖ്യപ്രതി കൊല്ലം സ്വദേശി ബിനു, ദേവസ്വം ജീവനക്കാരനും നെയ്യ് ഗോഡൗണിലെ ജീവനക്കാരനുമായ ജയലാൽ എന്നിവരെ ചോദ്യം ചെയ്തതോടെയാണ് അന്വേഷണം വ്യാപാരികളിലേക്കെത്തിയത്. മിൽമയുടെ പത്തനംതിട്ട ഡയറിയിൽനിന്ന് ശേഖരിച്ച നെയ്യ് ശബരിമലയിലെത്തിക്കേണ്ടതിനു പകരം ഒട്ടൻഛത്രത്തിലെത്തിച്ച് 50 ലക്ഷം രൂപയ്ക്ക് ഇരുവർക്കും വിറ്റതായാണ് കണ്ടെത്തൽ. തുടർന്ന് ഗുണനിലവാരം കുറഞ്ഞ നെയ്യാണ് സന്നിധാനത്ത് എത്തിച്ചത്.

ശബരിമലയിലേക്കുള്ള നെയ്യാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് വ്യാപാരികൾ അത് വാങ്ങിയതെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. 2025–26 കാലയളവിൽ മൂന്ന് ലോഡ് നെയ്യ് ഇത്തരത്തിൽ മറിച്ചുവിറ്റതായി പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. തട്ടിപ്പിന് വ്യാജരേഖകളും തയ്യാറാക്കിയതായി വിജിലൻസ് കണ്ടെത്തി. ദേവസ്വം ബോർഡിലെ കൂടുതൽ ജീവനക്കാർക്കെതിരെയും നടപടിയുണ്ടായേക്കും. വ്യാപാരികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നേരത്തേ തള്ളിയിരുന്നു.

You may also like