Home Entertainment‘സ്പീഡ് ഇഷ്ടമാണ്, പക്ഷേ ഇപ്പോൾ വണ്ടി ഓടിക്കാറില്ല’; ഡ്രൈവിങ്ങിനെക്കുറിച്ച് തുറന്നുപറഞ്ഞ് മമ്മൂട്ടി

‘സ്പീഡ് ഇഷ്ടമാണ്, പക്ഷേ ഇപ്പോൾ വണ്ടി ഓടിക്കാറില്ല’; ഡ്രൈവിങ്ങിനെക്കുറിച്ച് തുറന്നുപറഞ്ഞ് മമ്മൂട്ടി

by news_desk1
0 comments

കൊച്ചി: “എന്റെ ഡ്രൈവിങ്ങിന് അത്ര സൽപ്പേരില്ല, എനിക്ക് സ്പീഡ് ഇഷ്ടമാണ്” — റോഡ് സുരക്ഷയെക്കുറിച്ചുള്ള പരിപാടിയിൽ തന്റെ ഡ്രൈവിങ് ശീലങ്ങൾ തുറന്നുപറഞ്ഞ് നടൻ മമ്മൂട്ടി. വാഹനങ്ങളുടെ എണ്ണം വർധിക്കുകയും റോഡുകളിൽ തിരക്ക് കൂടുകയും ചെയ്തതോടെ അടുത്തകാലത്തായി താൻ വണ്ടി ഓടിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ‘ജീവ-സുയാത്ര’ റോഡ് സുരക്ഷാ മിഷന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

മിഷന്റെ ബ്രാൻഡ് അംബാസഡറായി തന്നെ തിരഞ്ഞെടുത്തെന്നറിഞ്ഞപ്പോൾ ആദ്യം പേടിച്ചുപോയെന്നും മമ്മൂട്ടി പറഞ്ഞു. ആവേശത്തോടെ വണ്ടി ഓടിക്കുന്നയാളാണ് താനെന്നും വേഗത ഇഷ്ടമാണെങ്കിലും അതിനൊപ്പം ജാഗ്രതയും ഏകാഗ്രതയും ശ്രദ്ധയും അനിവാര്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. വാഹനത്തിന്റെ ശക്തി കൈകാര്യം ചെയ്യുമ്പോൾ അതിനുള്ള ഉത്തരവാദിത്തവും തിരിച്ചറിയണം. അങ്ങനെ ചെയ്താൽ വലിയ അപകടങ്ങൾ ഒഴിവാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

റോഡുകൾ മെച്ചപ്പെടുന്നതിനനുസരിച്ച് വാഹനങ്ങളുടെ എണ്ണവും കൂടുകയാണ്. വാഹനങ്ങൾ വർധിക്കുന്നതോടെ തിരക്കും അപകടസാധ്യതയും കൂടുന്നു. അപകടങ്ങളിൽ 99 ശതമാനവും മനുഷ്യരുടെ പിഴവുകൾ മൂലമാണെന്നും യന്ത്രത്തകരാറുകൾ ഒരു ശതമാനം മാത്രമാണെന്നുമാണ് തന്റെ വിലയിരുത്തലെന്നും മമ്മൂട്ടി പറഞ്ഞു. അശ്രദ്ധമായി വാഹനമോടിക്കുന്നതും റോഡിലൂടെ നടക്കുന്നതുമാണ് പല അപകടങ്ങൾക്കും കാരണം.

റോഡിലെ സുരക്ഷ സ്വന്തം ഉത്തരവാദിത്തം

സ്വന്തം സുരക്ഷ മറ്റുള്ളവരുടെ കൈകളിലാണെന്ന് കരുതി റോഡിലൂടെ നടക്കരുതെന്ന് മമ്മൂട്ടി മുന്നറിയിപ്പ് നൽകി. വീട്ടിലെ ഇടനാഴിയിലോ ഡൈനിങ് മുറിയിലോ നടക്കുന്നതുപോലെയാണ് പലരും റോഡിലൂടെ നടക്കുന്നത്. മൊബൈൽ ഫോണിൽ സംസാരിച്ചും ഫോണിൽ ശ്രദ്ധിച്ചും റോഡിലൂടെ നടക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. വാഹനങ്ങൾ വരുന്നുണ്ടോ, മുന്നിൽ ആളുകളുണ്ടോ എന്നൊന്നും ശ്രദ്ധിക്കാത്ത സാഹചര്യമാണുള്ളത്. സ്വന്തം സുരക്ഷ ഓരോരുത്തരും സ്വയം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വാഹനമോടിക്കുന്നവരും ഉത്തരവാദിത്തത്തോടെ പെരുമാറണം. മറ്റുള്ളവരെ ലക്ഷ്യസ്ഥാനത്തെത്തിക്കേണ്ട ഉത്തരവാദിത്തവും ഡ്രൈവർമാർക്കുണ്ട്. ബസുകൾ തമ്മിലുള്ള മത്സരയോട്ടമാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. ബസുകളുടെ സമയക്രമം ഇതിന് കാരണമാകുന്നുണ്ടെങ്കിൽ അത് പരിശോധിക്കാമെന്നും തുടർച്ചയായി കുറഞ്ഞ ഇടവേളകളിൽ ബസുകൾ എത്തുന്നത് വേഗം കൂട്ടാനും മത്സരയോട്ടത്തിനും ഇടയാക്കാമെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു. സമയക്രമത്തിൽ മാറ്റം വരുത്തുകയോ റൂട്ടുകൾ പുനഃക്രമീകരിക്കുകയോ ചെയ്യുന്നതും പരിഗണിക്കാമെന്ന് അദ്ദേഹം പറഞ്ഞു. താൻ വിദഗ്ധനായല്ല, ഒരു സാധാരണക്കാരൻ എന്ന നിലയിലാണ് ഈ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നതെന്നും കൂട്ടിച്ചേർത്തു.

റേസ് ട്രാക്കിൽ അഭ്യാസം; റോഡിൽ യാത്ര മാത്രം

മോട്ടോർസൈക്കിൾ അഭ്യാസങ്ങളിലും കാറുകളുടെ വേഗപരീക്ഷണങ്ങളിലും താൽപര്യമുള്ളവർ അതിനായി ഒരുക്കിയിട്ടുള്ള റേസ് ട്രാക്കുകൾ ഉപയോഗിക്കണമെന്ന് മമ്മൂട്ടി കുട്ടികളോട് ആവശ്യപ്പെട്ടു. റോഡുകൾ മത്സരത്തിനോ അഭ്യാസപ്രകടനങ്ങൾക്കോ ഉള്ളതല്ല. ഇത്തരം പ്രകടനങ്ങൾ സ്വന്തം ജീവൻ മാത്രമല്ല, മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കും. പുതിയ വാഹനങ്ങളുടെ വേഗവും കരുത്തും കണ്ട് ആവേശം തോന്നാമെങ്കിലും അവ പരീക്ഷിക്കേണ്ടത് അതിനുള്ള പ്രത്യേക സ്ഥലങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.

ഒരാൾ വാഹനത്തെ മറികടന്നാൽ അത് സഹിക്കാനാകാതെ പിന്നാലെ മത്സരിക്കുന്ന പ്രവണതയെയും മമ്മൂട്ടി വിമർശിച്ചു. മുന്നിലുള്ള വാഹനത്തെ മറികടക്കാൻ നടത്തുന്ന മത്സരത്തിന് യാതൊരു അർഥവുമില്ല. ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ ഒന്നോ രണ്ടോ മിനിറ്റ് വൈകുന്നതല്ലാതെ മറ്റൊന്നും സംഭവിക്കില്ല. എന്നാൽ, ആ ധൃതിയിൽ സ്വന്തം ജീവിതവും മറ്റുള്ളവരുടെ ജീവിതവും അപകടത്തിലാക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

കാൽനടയാത്രക്കാർ പരമാവധി പെഡസ്ട്രിയൻ ക്രോസിങ്ങുകളിലൂടെ റോഡ് മുറിച്ചുകടക്കണം. റോഡിലൂടെ നടക്കുമ്പോൾ ഇരുവശത്തുനിന്നും വാഹനങ്ങൾ വരുന്നുണ്ടോയെന്ന് ശ്രദ്ധിക്കാതെ പെട്ടെന്ന് റോഡ് മുറിച്ചുകടക്കുന്നവരുണ്ട്. ഫുട്പാത്തുകൾ കാൽനടയാത്രക്കാർക്കുള്ളതാണെങ്കിലും അവ പലപ്പോഴും മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നു. ഫുട്പാത്തിലൂടെ നടക്കാൻ കഴിയാത്ത സാഹചര്യം ഒഴിവാക്കണമെന്നും കാൽനടക്കാർ അവ ഉപയോഗിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.

‘റോഡ് റേസിനുള്ളതല്ല, യാത്രയ്ക്കുള്ളതാണ്’

എല്ലാ വാഹനങ്ങൾക്കും ഒരേ ബ്രേക്കിങ് ശേഷിയല്ലെന്നും എല്ലാ മനുഷ്യർക്കും ഒരേ വേഗത്തിൽ റോഡ് മുറിച്ചുകടക്കാനാകില്ലെന്നും മമ്മൂട്ടി ചൂണ്ടിക്കാട്ടി. അതിനാൽ വാഹനമോടിക്കുന്നവർ മുന്നിലുള്ള സാഹചര്യം കണക്കിലെടുത്ത് വേഗം നിയന്ത്രിക്കണം. മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടോ ശ്രദ്ധ തിരിഞ്ഞോ വാഹനം ഓടിക്കരുത്.

അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിക്കുന്നത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകാം. ഇതിനായി നിയമത്തിൽ ‘റാഷ് ആൻഡ് നെഗ്ലിജന്റ് ഡ്രൈവിങ്’ എന്ന കുറ്റം തന്നെയുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. അറിഞ്ഞോ അറിയാതെയോ ഉണ്ടാകുന്ന ഒരു പിഴവ് മറ്റൊരാളുടെ ജീവനെടുക്കാൻ ഇടയാക്കുമെന്നും മമ്മൂട്ടി പറഞ്ഞു.

യാത്രയ്ക്കായി നിശ്ചയിച്ച സമയത്തിന് മുമ്പ് തന്നെ വീട്ടിൽനിന്ന് ഇറങ്ങണമെന്നും അദ്ദേഹം നിർദേശിച്ചു. പത്തരയ്ക്ക് ഒരു സ്ഥലത്ത് എത്തണമെങ്കിൽ 10.15ന് ഇറങ്ങിയാൽ മതിയാകില്ല. പകരം 9.45ന് ഇറങ്ങിയാൽ ധൃതിയില്ലാതെയും സമാധാനത്തോടെയും യാത്ര ചെയ്യാം. സമയക്രമം തെറ്റിക്കുന്നത് പലപ്പോഴും അനാവശ്യ ധൃതിക്കും അമിതവേഗത്തിനും സമ്മർദത്തിനും കാരണമാകുന്നു. കുടുംബത്തിൽ സമാധാനത്തോടെ ദിവസം ആരംഭിച്ച് സന്തോഷത്തോടെ ജോലിക്ക് പോയിവരാനും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘പോയവരൊക്കെ തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവർ വീട്ടിലുണ്ട്’

റോഡ് സുരക്ഷയെക്കുറിച്ചുള്ള വീഡിയോയിൽ തനിക്ക് ഏറെ ഇഷ്ടപ്പെട്ട വാചകം പങ്കുവച്ചാണ് മമ്മൂട്ടി പ്രസംഗം തുടർന്നത്: “പോയവരൊക്കെ തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് ആളുകൾ വീട്ടിലുണ്ട്. അവർക്ക് വേണ്ടിയെങ്കിലും വണ്ടി ഓടിക്കുന്നവരും പുറത്തു കാൽനടയായി നടക്കുന്നവരും എല്ലാവരും ശ്രദ്ധിക്കുക.”

കുട്ടികൾക്ക് ചെറുപ്പംമുതൽ പൗരബോധവും റോഡ് നിയമങ്ങളും പഠിപ്പിക്കണമെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു. റോഡ് മുറിച്ചുകടക്കേണ്ട രീതിയും ഗതാഗതനിയമങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തിയാൽ അവർ അത് ജീവിതത്തിൽ പിന്തുടരും. പുതിയ തലമുറയ്ക്ക് നല്ലൊരു ഭാവി ഉണ്ടാകണമെങ്കിൽ ഇത്തരം ശീലങ്ങൾ വളർത്തണമെന്നും അദ്ദേഹം പറഞ്ഞു.

റോഡ് സുരക്ഷാ മിഷന്റെ ബ്രാൻഡ് അംബാസഡർ എന്ന ഉത്തരവാദിത്തം വലിയ ഭാരമാണെന്നും ആദ്യം താൻ തന്നെ നന്നാകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മമ്മൂട്ടി തമാശരൂപേണ പറഞ്ഞു. ഇപ്പോൾ വണ്ടി ഓടിക്കാറില്ലാത്തതിനാൽ വലിയ പേടിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വേഗതയേക്കാൾ പ്രധാനം കൃത്യതയാണെന്ന സന്ദേശത്തോടെയാണ് മമ്മൂട്ടി പ്രസംഗം അവസാനിപ്പിച്ചത്. അപകടങ്ങൾ കുറഞ്ഞ, കഴിയുമെങ്കിൽ അപകടങ്ങളില്ലാത്ത സംസ്ഥാനമായി കേരളം മാറട്ടെയെന്നും എല്ലാവരും ശ്രദ്ധയോടെ വാഹനമോടിക്കുകയും റോഡിലൂടെ നടക്കുകയും ചെയ്യണമെന്നും അദ്ദേഹം ആശംസിച്ചു.

You may also like