തിരുവനന്തപുരം: എൽപിഎസ്ടി ഉദ്യോഗാർഥികളെ ചർച്ചയ്ക്ക് വിളിച്ചുവരുത്തിയ ശേഷം മന്ത്രിയുടെ ഓഫീസിലേക്ക് പ്രവേശിപ്പിക്കാതെ ഗേറ്റിൽ തടഞ്ഞെന്ന് സമരസമിതി നേതാവ് വളർമതി. മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് ചർച്ചയ്ക്കെത്തിയതെന്നും എന്നാൽ അകത്തേക്ക് കടത്തിവിടാൻ നിർദേശം ലഭിച്ചിട്ടില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നുവെന്നും വളർമതി പറഞ്ഞു. ഏഴ് ദിവസം ഐസിയുവിൽ കഴിഞ്ഞ് എത്തിയ തന്നോടാണ് ഇത്തരമൊരു നടപടിയെന്നും അവർ വിമർശിച്ചു.
വളർമതി വെയിറ്റിങ് റൂമിൽ ഇരിക്കുകയാണെന്ന് മറ്റ് സമരക്കാർ അറിയിച്ചു. ചർച്ചയുടെ സമയം കൃത്യമായി അറിയിച്ചിരുന്നില്ലെന്നും വെയിറ്റിങ് റൂമിൽ കാത്തിരിക്കാൻ മാത്രമാണ് നിർദേശിച്ചതെന്നും അവർ പറഞ്ഞു. ഇതിനിടെ വിദ്യാഭ്യാസ മന്ത്രി എൽപിഎസ്ടി ഉദ്യോഗാർഥികളുമായി ചർച്ച നടത്തി.
അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ ആവശ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു. ചർച്ചയ്ക്ക് സർക്കാർ എപ്പോഴും സന്നദ്ധമാണ്. സമരക്കാരുടെ നാല് ആവശ്യങ്ങൾ അംഗീകരിച്ചുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങുമെന്നും മന്ത്രി അറിയിച്ചു.
എന്നാൽ സാമ്പത്തിക ബാധ്യതയാണ് പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ നൽകിയ ഉറപ്പുകൾ നടപ്പാക്കുമ്പോൾത്തന്നെ 25 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും. അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കുന്നതിനായി പുതിയൊരു ഫോർമുല നിലവിൽ സർക്കാരിന്റെ പരിഗണനയിലില്ലെന്നും മന്ത്രി പറഞ്ഞു.
അനുപാതം കുറയ്ക്കണമെന്ന നിർദേശത്തെ സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി ധനവകുപ്പ് മന്ത്രിസഭാ യോഗത്തിൽ എതിർത്തതോടെയാണ് ചർച്ച അനിശ്ചിതത്വത്തിലായത്. ഇതോടെ എൽപിഎസ്ടി ഉദ്യോഗാർഥികളുടെ ആവശ്യങ്ങളിൽ തീരുമാനമെടുക്കുന്നതും വൈകുകയാണ്.
