ലക്നൗ: സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ പിന്നാക്ക വിഭാഗ രഥയാത്രയ്ക്കിടെ ബുൾഡോസർ ഇടിച്ച് ബിജെപി നേതാവിന്റെ മകൻ മരിച്ചു. പത്താം ക്ലാസ് വിദ്യാർഥിയായ ആര്യവർധൻ സിങ് (14) ആണ് മരിച്ചത്. സംഭവത്തിൽ അഖിലേഷ് യാദവിനും രഥയാത്രയുടെ സംഘാടകർക്കുമെതിരെ നരഹത്യക്കേസ് രജിസ്റ്റർ ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
റോഡ് മുറിച്ചുകടക്കാൻ കാത്തുനിന്ന ആര്യവർധനെ അമിതവേഗത്തിലെത്തിയ ബുൾഡോസർ ഇടിക്കുകയായിരുന്നു. രഥയാത്രയ്ക്കിടെ പുഷ്പാർച്ചന നടത്താനായി എത്തിയതായിരുന്നു ബുൾഡോസറിന്റെ ഡ്രൈവർ. ഇടിയുടെ ആഘാതത്തിൽ കുട്ടി റോഡിലെ ഡിവൈഡറിൽ തലയിടിച്ച് വീണു. തലയ്ക്ക് പിന്നിൽ ഗുരുതരമായി പരിക്കേറ്റ ആര്യവർധനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു.
രഥയാത്രയുടെ സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് മകന്റെ മരണത്തിന് കാരണമെന്ന് പിതാവ് ഓംകാർ സിങ് ആരോപിച്ചു. അഖിലേഷ് യാദവിനും പരിപാടിയുടെ സംഘാടകർക്കുമെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, പുഷ്പാർച്ചനയ്ക്കായി ബുൾഡോസർ ഏർപ്പാടാക്കിയിരുന്നില്ലെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി. ഇല്ലാത്ത കേസുകൾ സൃഷ്ടിക്കുന്നത് ബിജെപിയുടെ പതിവ് രീതിയാണെന്നും അദ്ദേഹം ആരോപിച്ചു.
