Home Keralaബുക്കിങ്ങില്ലാതെയും ശബരിമലയിലേക്ക് തീർഥാടക പ്രവാഹം; നിയന്ത്രണങ്ങൾക്കിടയിലും ദർശനത്തിനെത്തുന്നു

ബുക്കിങ്ങില്ലാതെയും ശബരിമലയിലേക്ക് തീർഥാടക പ്രവാഹം; നിയന്ത്രണങ്ങൾക്കിടയിലും ദർശനത്തിനെത്തുന്നു

by news_desk1
0 comments

പത്തനംതിട്ട: വെർച്വൽ ക്യൂവിലോ സ്പോട് ബുക്കിങ്ങിലോ രജിസ്റ്റർ ചെയ്യാതെ തന്നെ ശബരിമല ദർശനത്തിനെത്തുന്ന തീർഥാടകരുടെ എണ്ണം വർധിക്കുന്നു. മുൻകൂട്ടിയുള്ള വെർച്വൽ ക്യൂ ബുക്കിങ്ങോ സ്പോട് ബുക്കിങ്ങോ നിർബന്ധമാണെങ്കിലും ഇവയില്ലാതെ എത്തുന്നവർക്കും നിലവിൽ പ്രവേശനം അനുവദിക്കുന്നുണ്ട്.

നിലയ്ക്കൽ–പമ്പ പാത വഴി പ്രതിദിനം 60,000 പേർക്കാണ് വെർച്വൽ ക്യൂ സൗകര്യം. എരുമേലി കാനനപാത, വണ്ടിപ്പെരിയാർ–സത്രം പാത എന്നിവ വഴി 3,000 പേർക്ക് വീതവും ഓൺലൈൻ ടിക്കറ്റ് ലഭിക്കും. ബുക്ക് ചെയ്ത സമയത്ത് തന്നെ തീർഥാടകർ എത്തണമെന്നാണ് കർശന നിർദേശം.

നിലയ്ക്കലിൽ പ്രതിദിനം 10,000 പേർക്കാണ് സ്പോട് ബുക്കിങ് സൗകര്യം. എരുമേലിയിലും വണ്ടിപ്പെരിയാർ സത്രത്തിലും 2,000 പേർക്ക് വീതം സ്പോട് ബുക്കിങ്ങിലൂടെ പ്രവേശനം നൽകുന്നുണ്ട്. ഇതിനായി ആധാർ കാർഡോ പകർപ്പോ ഹാജരാക്കണം. നിലവിലെ സാഹചര്യത്തിൽ സ്പോട് ബുക്കിങ്ങിനെത്തുന്ന എല്ലാവർക്കും പ്രവേശനം അനുവദിക്കുന്നുണ്ട്.

അതേസമയം, വെർച്വൽ ക്യൂ ബുക്ക് ചെയ്ത എല്ലാവരും ദർശനത്തിനെത്തുന്നില്ല. ഈ മാസം 30 വരെയുള്ള വെർച്വൽ ക്യൂ ബുക്കിങ് ഇതിനകം പൂർത്തിയായിട്ടുണ്ട്.

രാവിലെ 10.30 വരെയാണ് സ്പോട് ബുക്കിങ് കൗണ്ടറുകളുടെ പ്രവർത്തനം. സ്പോട് ബുക്കിങ് ലഭിക്കാത്തവർക്ക് നിലയ്ക്കലിലോ മറ്റിടങ്ങളിലോ വിരിവച്ച് അടുത്ത ദിവസം വീണ്ടും ബുക്കിങ് നടത്തി മല കയറേണ്ടിവരും.

You may also like