Home Kerala‘തർക്കം ജനാധിപത്യത്തിന്റെ സൗന്ദര്യമല്ല, മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിനെതിരായ പ്രതികരണം’; സർക്കാരിനെതിരെ പിണറായി

‘തർക്കം ജനാധിപത്യത്തിന്റെ സൗന്ദര്യമല്ല, മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിനെതിരായ പ്രതികരണം’; സർക്കാരിനെതിരെ പിണറായി

by news_desk1
0 comments

തിരുവനന്തപുരം: അധികാരത്തിൽ ആറുമാസം പൂർത്തിയാക്കുന്ന വേളയിൽ സർക്കാരിന്റെ കൂട്ടുത്തരവാദിത്വമില്ലായ്മയാണ് പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും സർക്കാരിനെ അനുകൂലിക്കുന്നവർക്കുപോലും ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി.

മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നാണ് വീണ്ടുവിചാരം ഉണ്ടാകേണ്ടതെന്ന് ചൂണ്ടിക്കാട്ടിയ പിണറായി, പൊതുഅഭിപ്രായം മാനിക്കുന്നതിന് പകരം മുഖ്യമന്ത്രി പതിവുപോലെ വിദണ്ഡവാദം ഉന്നയിക്കുകയാണുണ്ടായതെന്നും വിമർശിച്ചു. മന്ത്രിസഭയിലെ തർക്കങ്ങളെക്കുറിച്ച് വിമർശനം ഉയർന്നപ്പോൾ മുൻ സർക്കാരിനെ കുറ്റപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. എൽ.ഡി.എഫ് സർക്കാരും ആറുമാസമായി അധികാരത്തിലുള്ള യു.ഡി.എഫ് സർക്കാരും തമ്മിലുള്ള താരതമ്യത്തിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും ബന്ധപ്പെട്ടവർ തന്നെ കാര്യങ്ങൾ പരിശോധിച്ച് വിലയിരുത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭയിൽ അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചവരിൽ മുഖ്യമന്ത്രിയുടെ സ്വന്തം പാർട്ടിയിലെ പ്രമുഖരുമുണ്ടെന്ന് പിണറായി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പ്രത്യേകം പരിഗണിക്കേണ്ടയാളായ കെ.പി.സി.സി പ്രസിഡന്റിന് പോലും മന്ത്രിസഭാ വിഷയങ്ങളിൽ കാര്യമായ പങ്കില്ലാത്ത അവസ്ഥയാണ്. ഗൗരവമുള്ള വിഷയത്തിൽ പ്രസിഡന്റുമായി പോലും ചർച്ച നടത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

എതിർപ്പ് മാന്യമായ ഭാഷയിൽ കെ.പി.സി.സി പ്രസിഡന്റ് പ്രകടിപ്പിച്ചിട്ടുണ്ട്. നിലപാട് വ്യക്തമായതോടെ മന്ത്രിസഭാ യോഗത്തിലും ഇക്കാര്യം ഉന്നയിച്ചെന്നാണ് മനസ്സിലാക്കുന്നതെന്നും പിണറായി പറഞ്ഞു. യു.ഡി.എഫ് കൺവീനറും പരസ്യമായി എതിർപ്പ് അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിസഭയിലെ തർക്കങ്ങളെ ജനാധിപത്യത്തിന്റെ സൗന്ദര്യമായി കാണാനാകില്ലെന്നും അത് മുഖ്യമന്ത്രിയുടെ ഏകാധിപത്യ നിലപാടിനെതിരായ പാർട്ടിയുടെ പ്രതികരണമാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

You may also like