തിരുവനന്തപുരം: കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായുഗുണനിലവാരം സംബന്ധിച്ച് വിശദമായ പഠനം നടത്താൻ വിദഗ്ധ സമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ. വായുവിന്റെ ഗുണനിലവാരം വിലയിരുത്തുന്നതിനൊപ്പം മലിനീകരണത്തിന്റെ കാരണങ്ങളും ഉറവിടങ്ങളും കണ്ടെത്തി നിയന്ത്രണ നടപടികൾ നിർദേശിക്കുകയാണ് സമിതിയുടെ ചുമതല.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ കൺവീനറായ സമിതിയിൽ ദില്ലിയിലെ എനർജി ആൻഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഫെലോ സുരേഷ് രാമസുബ്രഹ്മണ്യ അയ്യർ, കോഴിക്കോട് എൻഐടിയിലെ ഡോ. ജോർജ് കെ. വർഗീസ് എന്നിവർ അംഗങ്ങളാണ്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇരുനഗരങ്ങളിലെയും വായുഗുണനിലവാരത്തിൽ ഉണ്ടായ മാറ്റങ്ങൾ, അതിനു പിന്നിലെ കാരണങ്ങൾ, മലിനീകരണത്തിന്റെ പ്രധാന ഉറവിടങ്ങൾ എന്നിവ സമിതി പരിശോധിക്കും. വായുഗുണനിലവാര സൂചികയായ എക്യുഐയുടെ തത്സമയ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള ആശയവിനിമയ സംവിധാനവും സമിതി ശുപാർശ ചെയ്യും.
രണ്ടാഴ്ചയ്ക്കകം പഠനറിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാരിന്റെ നിർദേശം.
