തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ പരമ്പരാഗത രീതിയിൽ മാറ്റം വരുത്താനുള്ള മേയറുടെ നിർദേശം പുതിയ വിവാദത്തിന് തിരികൊളുത്തുന്നു. ചുടുകട്ടകൾക്ക് പകരം പുനരുപയോഗിക്കാവുന്ന ഇരുമ്പ് അടുപ്പുകൾ ഉപയോഗിക്കണമെന്ന മേയർ വി.വി. രാജേഷിന്റെ നിർദേശത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. മാലിന്യപ്രശ്നത്തിന് പരിഹാരം കാണാനാണ് നീക്കമെന്നാണ് മേയറുടെ വിശദീകരണം. എന്നാൽ ഇതിനു പിന്നിൽ അഴിമതിയുണ്ടെന്ന ആരോപണവുമായി മുൻ മന്ത്രി വി. ശിവൻകുട്ടിയും രംഗത്തെത്തി.
ഓരോ പൊങ്കാലയ്ക്കു ശേഷവും നഗരം ശുചീകരിക്കുന്നതിന് കോർപറേഷന് വലിയ തുക ചെലവഴിക്കേണ്ടിവരുന്നുണ്ട്. കഴിഞ്ഞ വർഷം ചുടുകട്ടകൾ നീക്കം ചെയ്യുന്നതിന് മാത്രം 12 ലക്ഷം രൂപ ചെലവായെന്നാണ് മേയർ വ്യക്തമാക്കിയത്. ചുടുകട്ടകൾ പൊടിഞ്ഞുണ്ടാകുന്ന പൊടിശല്യവും അവശിഷ്ടങ്ങളും നഗരത്തിന് വലിയ വെല്ലുവിളിയാണെന്നും ഇതിന് ബദലായാണ് ഇരുമ്പ് അടുപ്പുകൾ നിർദേശിച്ചതെന്നും അദ്ദേഹം വിശദീകരിക്കുന്നു.
എന്നാൽ മേയറുടെ നിർദേശവുമായി ബന്ധപ്പെട്ട് നഗരസഭ തങ്ങളുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. തലമുറകളായി പിന്തുടരുന്ന ആചാരത്തിന്റെ ഭാഗമായ അടുപ്പിന്റെ സ്വഭാവം മാറ്റുന്നതിനോട് ഭക്തർ എങ്ങനെ പ്രതികരിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളിൽനിന്നോ പൊതുജനങ്ങളിൽനിന്നോ ഭക്തരിൽനിന്നോ നിർദേശത്തിന് കാര്യമായ പിന്തുണ ലഭിച്ചിട്ടില്ല.
ലക്ഷക്കണക്കിന് ഭക്തർക്ക് ആവശ്യമായ ഇരുമ്പ് അടുപ്പുകൾ എങ്ങനെ ലഭ്യമാക്കും, നിർമാണച്ചെലവ് ആര് വഹിക്കും, പൊങ്കാലയ്ക്കുശേഷം അവ തിരിച്ചെടുത്ത് സൂക്ഷിക്കുന്നതിന് എന്ത് സംവിധാനമുണ്ടാകും തുടങ്ങിയ ചോദ്യങ്ങളും ഉയരുന്നു. ഇരുമ്പ് അടുപ്പുകൾ ഉപയോഗിക്കുന്നത് പൊള്ളലിനും മറ്റ് അപകടങ്ങൾക്കും കാരണമാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
അതേസമയം, മേയറുടെ നിർദേശത്തിനു പിന്നിൽ അഴിമതിയുണ്ടെന്ന ഗുരുതര ആരോപണവുമായി മുൻ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. ഇരുമ്പ് അടുപ്പ് നിർമാതാക്കളുമായി ധാരണയിലെത്തിയ ശേഷമാണ് മേയർ ഏകപക്ഷീയമായി തീരുമാനമെടുത്തതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
കഴിഞ്ഞ പൊങ്കാലയ്ക്കുശേഷം നഗരത്തിലെ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നില്ലെന്നും ശിവൻകുട്ടി വിമർശിച്ചു. ഇരുമ്പ് അടുപ്പുകൾ സംബന്ധിച്ച് ശുചിത്വ മിഷൻ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുരുമ്പെടുത്ത് പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാൻ സാധ്യതയുള്ള അടുപ്പുകൾ നഗരത്തിന് ആവശ്യമാണോയെന്നും അദ്ദേഹം ചോദിച്ചു.
മേയറുടെ പ്രഖ്യാപനത്തിനു പിന്നാലെ ഇരുമ്പ് അടുപ്പ് നിർമാതാക്കൾ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളെ നേരിൽ കണ്ടതായും ശിവൻകുട്ടി ആരോപിച്ചു. ഇവിടെയാണ് അഴിമതിയുടെ തുടക്കമെന്നും വിശ്വാസസംരക്ഷകരെന്ന് അവകാശപ്പെടുന്നവർ കമ്മിഷനുവേണ്ടി വിശ്വാസലംഘകരായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആറ്റുകാൽ പൊങ്കാലയിലെ പരമ്പരാഗത ആചാരങ്ങളും നഗരത്തിലെ മാലിന്യസംസ്കരണവും ഒരുപോലെ ചർച്ചയാകുമ്പോൾ, ഇരുമ്പ് അടുപ്പ് നിർദേശം നടപ്പാക്കുമോ എന്നതും അതിനു പിന്നിലെ ആരോപണങ്ങളിൽ അധികൃതർ എന്ത് വിശദീകരണം നൽകുമെന്നതുമാണ് ഇനി നിർണായകം.
