Home Keralaപുതിയ മദ്യനയം രൂപീകരിക്കാൻ യുഡിഎഫ് ഉപസമിതി; കെ. ശിവദാസൻ നായർ കൺവീനർ, ലീഗിന് പ്രാതിനിധ്യമില്ല

പുതിയ മദ്യനയം രൂപീകരിക്കാൻ യുഡിഎഫ് ഉപസമിതി; കെ. ശിവദാസൻ നായർ കൺവീനർ, ലീഗിന് പ്രാതിനിധ്യമില്ല

by news_desk1
0 comments

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം എന്തായിരിക്കും? നിർണായക ചർച്ചകൾക്ക് തുടക്കമിട്ട് ഉപസമിതി രൂപീകരിച്ചു. മുൻ എംഎൽഎ കെ. ശിവദാസൻ നായരെ കൺവീനറാക്കി മുഖ്യമന്ത്രി വി.ഡി. സതീശനാണ് സമിതി പ്രഖ്യാപിച്ചത്. ഈ മാസം 30നകം പുതിയ മദ്യനയം രൂപീകരിക്കാനാണ് തീരുമാനം. മദ്യനയവുമായി ബന്ധപ്പെട്ട സമിതിയിൽ മുസ്ലിം ലീഗിന് പ്രാതിനിധ്യമില്ലെന്നതും ശ്രദ്ധേയമായി.

കെ. ശിവദാസൻ നായർക്ക് പുറമെ അങ്കമാലി മുൻ എംഎൽഎ പി.ജെ. ജോയ്, ജെ. ജയന്ത് എംഎൽഎ എന്നിവരാണ് കോൺഗ്രസിന്റെ പ്രതിനിധികൾ. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽനിന്ന് മുൻ എംപി ജോയ് എബ്രഹാം, ആർഎസ്പിയിൽനിന്ന് വിഷ്ണുമോഹൻ എംഎൽഎ, കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ, സിഎംപിയിൽനിന്ന് സി.എ. അജീർ എന്നിവരും സമിതിയിലുണ്ട്.

മദ്യനയവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ സമിതിയിൽ പ്രതിനിധിയെ ഉൾപ്പെടുത്തേണ്ടതില്ലെന്ന് മുസ്ലിം ലീഗ് അറിയിക്കുകയായിരുന്നു. അതേസമയം, എക്സൈസ് മന്ത്രി എം. ലിജുവിന്റെ അധ്യക്ഷതയിൽ തയ്യാറാക്കിയ കരട് മദ്യനയത്തിലെ നിർദേശങ്ങൾ ഉപസമിതി വിശദമായി പരിശോധിക്കും.

യുഡിഎഫിലെ വിവിധ ഘടകകക്ഷികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ചർച്ച ചെയ്തശേഷം സമിതി റിപ്പോർട്ട് സമർപ്പിക്കും. മന്ത്രിസഭയുടെ അന്തിമ അംഗീകാരത്തിന് മുമ്പായി കരട് നയത്തിൽ വരുത്തേണ്ട മാറ്റങ്ങളും ഭേദഗതികളും റിപ്പോർട്ടിൽ ഉൾപ്പെടുത്തും. ഈ മാസം 30നകം പുതിയ മദ്യനയം രൂപീകരിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

സാധാരണയായി യുഡിഎഫ് യോഗത്തിലാണ് ഇത്തരം നയപരമായ വിഷയങ്ങൾ ചർച്ച ചെയ്യാറുള്ളത്. എന്നാൽ ആറുമാസമായി മുന്നണി യോഗം ചേർന്നിട്ടില്ല. ഇതിനുപകരം മുഖ്യമന്ത്രി നേരിട്ട് ഉപസമിതി അംഗങ്ങളെ പ്രഖ്യാപിച്ചതും രാഷ്ട്രീയ ശ്രദ്ധ നേടുന്നുണ്ട്.

കൺവീനറായ കെ. ശിവദാസൻ നായർ മുഖ്യമന്ത്രിക്കെതിരെ പരസ്യവിമർശനം ഉന്നയിച്ചിട്ടുള്ള സാഹചര്യത്തിൽ, ഉപസമിതി നിയമനവുമായി ബന്ധപ്പെട്ട് അടൂർ പ്രകാശുമായി ചർച്ച നടത്തിയിരുന്നോ എന്ന കാര്യത്തിലും വ്യക്തതയില്ല.

You may also like