Home Keralaപത്രക്കട്ടിങ്ങും സി.സി.ടി.വി ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടും നൽകി ശബരിമല വെർച്വൽ ക്യൂ രജിസ്ട്രേഷൻ; ഗുരുതര സുരക്ഷാ പിഴവുകൾ കണ്ടെത്തി

പത്രക്കട്ടിങ്ങും സി.സി.ടി.വി ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടും നൽകി ശബരിമല വെർച്വൽ ക്യൂ രജിസ്ട്രേഷൻ; ഗുരുതര സുരക്ഷാ പിഴവുകൾ കണ്ടെത്തി

by news_desk1
0 comments

തിരുവനന്തപുരം: പത്രവാർത്തകളുടെ കട്ടിങ്ങുകളും സി.സി.ടി.വി ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകളും അപ്‌ലോഡ് ചെയ്ത് ശബരിമല വെർച്വൽ ക്യൂവിൽ രജിസ്ട്രേഷൻ! വെർച്വൽ ബുക്കിങ് വെബ്സൈറ്റിൽ ഗുരുതരമായ സാങ്കേതിക, സുരക്ഷാ പിഴവുകളുണ്ടെന്ന് സംസ്ഥാന സൈബർ പൊലീസ് വിഭാഗത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തി. വ്യാജ ഫോൺ നമ്പറുകളും ഇ-മെയിൽ വിലാസങ്ങളും ഉപയോഗിച്ച് വ്യാപകമായി ദർശന സ്ലോട്ടുകൾ ബുക്ക് ചെയ്തതായും വ്യക്തമായി.

ശബരിമലയിൽ ദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണത്തിൽ കുറവുണ്ടായതും വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത സ്ലോട്ടുകളും യഥാർഥത്തിൽ ദർശനത്തിനെത്തിയവരുടെ എണ്ണവും തമ്മിൽ വലിയ വ്യത്യാസം കണ്ടതുമാണ് അന്വേഷണത്തിന് വഴിവച്ചത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ട്രാവൽ ഏജന്റുമാർ വൻതോതിൽ ബുക്കിങ് നടത്തുന്നുണ്ടെന്ന സംശയത്തെ തുടർന്നാണ് വെർച്വൽ ക്യൂ സംവിധാനത്തിന്റെ സാങ്കേതിക വശങ്ങൾ പരിശോധിക്കാൻ സൈബർ അന്വേഷണ വിഭാഗത്തിന് നിർദേശം നൽകിയത്. പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതോടെ ദേവസ്വം മന്ത്രി കെ. മുരളീധരൻ അന്വേഷണച്ചുമതല സൈബർ വിഭാഗത്തിന് കൈമാറുകയായിരുന്നു.

വെബ്സൈറ്റിലെ തിരിച്ചറിയൽ സംവിധാനത്തിലെ പോരായ്മകളാണ് ദുരുപയോഗത്തിന് വഴിയൊരുക്കിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ആവശ്യമായ രേഖകൾക്ക് പകരം പത്രവാർത്തകളുടെ കട്ടിങ്ങുകളും സി.സി.ടി.വി ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകളും അപ്‌ലോഡ് ചെയ്തതായി കണ്ടെത്തി. തീർഥാടകരുടെ വിവരങ്ങൾ നൽകുന്ന ഘട്ടത്തിലും വ്യാപകമായി വ്യാജ വിവരങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.

വെബ്സൈറ്റിന്റെ സുരക്ഷാ സംവിധാനങ്ങൾ കാലഹരണപ്പെട്ടതാണെന്നും കൂട്ടബുക്കിങ്ങിനായി ഇത് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി. പോർട്ടൽ കാലാനുസൃതമായി നവീകരിച്ചിട്ടില്ലെന്നും ടു ഫാക്ടർ ഓതന്റിക്കേഷൻ സംവിധാനമില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിലുള്ള സോഫ്റ്റ്‌വെയർ ലോജിക് പിശകുകളും വെബ്സൈറ്റിലുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേസമയം, തീർഥാടനകാലത്തിന്റെ ആദ്യ ദിവസങ്ങളിൽ വെർച്വൽ ക്യൂ ബുക്കിങ്ങും യഥാർഥ തീർഥാടകരുടെ വരവും തമ്മിൽ വ്യത്യാസമുണ്ടാകുന്നത് അസാധാരണമല്ലെന്ന് ശബരിമല സുരക്ഷാ ചുമതല വഹിച്ചിരുന്ന മുതിർന്ന കേരള പൊലീസ് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. കൂട്ടബുക്കിങ്ങിനായി ഉപയോഗിച്ച ഐ.പി വിലാസങ്ങൾ സൈബർ പൊലീസ് പരിശോധിച്ചുവരികയാണ്. അന്വേഷണത്തിലെ പ്രാഥമിക കണ്ടെത്തലുകൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് സൈബർ വിഭാഗം സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

You may also like