തിരുവനന്തപുരം: സ്വകാര്യ കമ്പനിയായ ജിഎൻഎ പ്രൈവറ്റ് ലിമിറ്റഡിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള സർക്കാർ നീക്കത്തിനെതിരെ കെഎസ്ഇബി ശക്തമായ എതിർപ്പ് അറിയിച്ചിരുന്നതായി മുൻ ചെയർമാൻ എം.ജി. രാജമാണിക്യം സർക്കാരിന് നൽകിയ കത്ത് വ്യക്തമാക്കുന്നു. ഇടപാടിൽ സുതാര്യതയില്ലെന്നും നിയമപരമായ വ്യവസ്ഥകൾ പാലിക്കപ്പെടുന്നില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു എതിർപ്പ്.
വൈദ്യുതി വിൽക്കുന്ന സ്ഥാപനം ഏതാണെന്നതുപോലും വ്യക്തമല്ലാത്ത ഇടപാട് സുതാര്യമല്ലെന്ന് ഒക്ടോബർ 31ന് നൽകിയ കത്തിൽ രാജമാണിക്യം ചൂണ്ടിക്കാട്ടിയിരുന്നു. ജിഎൻഎയുമായി മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനമെങ്കിൽ, ഇടപാടിൽ ആർക്കും കമ്മീഷനോ മറ്റ് പ്രതിഫലമോ നൽകിയിട്ടില്ലെന്ന് വൈദ്യുതി വിൽക്കുന്നവർ സത്യവാങ്മൂലം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഇടപാടുമായി ബന്ധപ്പെട്ട് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനോട് (സിഎജി) മറുപടി പറയേണ്ടിവരുമെന്ന മുന്നറിയിപ്പും കത്തിലുണ്ടായിരുന്നു.
വിലക്കുറവെന്ന കാരണത്താലാണ് ജിഎൻഎയുടെ വൈദ്യുതി വാങ്ങാൻ മുഖ്യമന്ത്രി തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. വൈദ്യുതി മന്ത്രിയുടെ നിർദേശം ഉൾപ്പെടെ മറികടന്നായിരുന്നു നീക്കമെന്നും രേഖകൾ വ്യക്തമാക്കുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് ഇടപാടിനെതിരെ കെഎസ്ഇബി തുടക്കംമുതൽ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നതിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്.
കെഎസ്ഇബി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റപ്പെടുന്നതിന് ദിവസങ്ങൾക്കുമുമ്പാണ് രാജമാണിക്യം കത്ത് നൽകിയത്. വൈദ്യുതി ഇടപാട് വിവാദത്തിനിടെ ഈ മാസം രണ്ടിന് രാജമാണിക്യത്തെ മാറ്റി എൻ. പ്രശാന്തിനെ ചെയർമാനായി നിയമിച്ചിരുന്നു.
