തിരുവനന്തപുരം: എടിഎം ഇടപാടുകളുടെ സൗജന്യ പരിധിയും അതുകഴിഞ്ഞ് ബാങ്കുകൾക്ക് ഈടാക്കാവുന്ന ഫീസും സംബന്ധിച്ച നിർദേശങ്ങൾ ഏകീകരിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറത്തിറക്കി. സ്വന്തം ബാങ്കിന്റെ എടിഎമ്മിൽനിന്ന് സേവിങ്സ് അക്കൗണ്ട് ഉടമകൾക്ക് പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകൾ നടത്താം. മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ മെട്രോ നഗരങ്ങളിൽ മൂന്നും മെട്രോ ഇതര നഗരങ്ങളിൽ അഞ്ചും സൗജന്യ ഇടപാടുകൾ അനുവദിക്കും.
മെട്രോ, മെട്രോ ഇതര നഗരങ്ങളിലെ എടിഎമ്മുകൾ മാറിമാറി ഉപയോഗിച്ചാലും പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകൾ മാത്രമാണ് അനുവദിക്കുക. ബാങ്കുകൾക്ക് വേണമെങ്കിൽ ഈ പരിധി വർധിപ്പിക്കാം. മുംബൈ, ന്യൂഡൽഹി, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നിവയാണ് ആർബിഐ മെട്രോ നഗരങ്ങളായി കണക്കാക്കുന്നത്. മറ്റു നഗരങ്ങളെല്ലാം മെട്രോ ഇതര വിഭാഗത്തിലാണ്. നിലവിലുള്ള നിർദേശങ്ങൾ ഏകീകരിച്ചാണ് ആർബിഐ പുതിയ സർക്കുലർ പുറത്തിറക്കിയത്.
മറ്റ് ബാങ്കുകളുടെ എടിഎമ്മിൽനിന്ന് ഒരു തവണ പരമാവധി 10,000 രൂപ വരെ പിൻവലിക്കാം. സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാൽ പണം പിൻവലിക്കുന്നതിന് ബാങ്കുകൾക്ക് ഫീസ് ഈടാക്കാം. എന്നാൽ നികുതിക്ക് പുറമെ ഈടാക്കാവുന്ന തുക 23 രൂപയിൽ കവിയരുത്. ബാങ്ക് ഡയറക്ടർ ബോർഡ് അംഗീകരിച്ച നിരക്കായിരിക്കണം ബാധകമാക്കേണ്ടത്.
ഓരോ മാസവും ശേഷിക്കുന്ന സൗജന്യ ഇടപാടുകളുടെ എണ്ണവും പരിധി കഴിഞ്ഞാൽ ഈടാക്കുന്ന ഫീസും ഉപഭോക്താക്കളെ അറിയിക്കാനുള്ള സംവിധാനം ബാങ്കുകൾ ഒരുക്കണം. സാങ്കേതിക തകരാർ, കണക്ടിവിറ്റി പ്രശ്നം, എടിഎമ്മിൽ പണമില്ലാത്തത്, പിൻ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ കാരണങ്ങളാൽ ഇടപാട് പരാജയപ്പെട്ടാൽ അത് ഇടപാടായി കണക്കാക്കില്ല.
ഓരോ എടിഎമ്മും മെട്രോ നഗരത്തിലാണോ മെട്രോ ഇതര മേഖലയിലാണോ പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കുന്ന ബോർഡ് സ്ഥാപിക്കണം. ബാങ്കുകളുടെ വെബ്സൈറ്റുകളിലും ഇതുസംബന്ധിച്ച വിവരങ്ങൾ കൃത്യമായി നൽകണമെന്നും ആർബിഐ നിർദേശിച്ചു.
