Home Businessബംഗാളിൽ 700 കോടി രൂപയുടെ അമൂൽ മെഗാ ഡയറി പ്ലാന്റ്; തറക്കല്ലിട്ട് അമിത് ഷാ, കൂടുതൽ നിക്ഷേപങ്ങൾ പ്രഖ്യാപിച്ചു

ബംഗാളിൽ 700 കോടി രൂപയുടെ അമൂൽ മെഗാ ഡയറി പ്ലാന്റ്; തറക്കല്ലിട്ട് അമിത് ഷാ, കൂടുതൽ നിക്ഷേപങ്ങൾ പ്രഖ്യാപിച്ചു

by news_desk1
0 comments

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 700 കോടി രൂപ ചെലവിൽ നിർമിക്കുന്ന അമൂലിന്റെ മെഗാ ഡയറി പ്ലാന്റിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തറക്കല്ലിട്ടു. ഗുജറാത്തിൽ നിന്നുള്ള നിക്ഷേപങ്ങൾ ബംഗാളിലേക്ക് ഇനിയും എത്തിക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം, പുതിയ പ്ലാന്റ് അമൂലിന്റെ ഏറ്റവും വലിയ തൈര് ഉൽപാദന കേന്ദ്രമായിരിക്കുമെന്നും പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച അമിത് ഷാ, മുമ്പ് ഗുജറാത്ത് വിരുദ്ധ നിലപാടാണ് തൃണമൂൽ കോൺഗ്രസ് സ്വീകരിച്ചിരുന്നതെന്നും, ഗുജറാത്തിൽ നിന്നുള്ള നിക്ഷേപങ്ങൾ ബംഗാളിലേക്ക് വരാൻ അനുവദിക്കില്ലെന്നായിരുന്നു അവരുടെ സമീപനമെന്നും ആരോപിച്ചു. എന്നാൽ ഇപ്പോൾ ബംഗാളിലെ ജനങ്ങൾ ബിജെപിയെ അധികാരത്തിലെത്തിച്ചതോടെ ഗുജറാത്തിൽ നിന്നുള്ള നിക്ഷേപങ്ങൾ സംസ്ഥാനത്ത് എത്തുന്നതായി അദ്ദേഹം പറഞ്ഞു.

ഹൗറയിൽ നിർമിക്കുന്ന പുതിയ പ്ലാന്റ് അമൂലിന്റെ ഏറ്റവും വലിയ തൈര് ഉൽപാദന യൂണിറ്റായിരിക്കുമെന്നും, സംസ്ഥാനത്തെ ചെറുകിട ക്ഷീരകർഷകർക്ക് ഇതിന്റെ നേട്ടം ലഭിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. ഹൗറയിലെ പ്ലാന്റിന് പുറമെ ബംഗാളിൽ പുതിയ ഐസ്ക്രീം പ്ലാന്റുകളും സ്ഥാപിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി സുവേന്ദു അധികാരി, അമൂലിന്റെ ഐസ്ക്രീം പ്ലാന്റുകൾക്കായി സംസ്ഥാനത്ത് ഭൂമി സജ്ജമാണെന്ന് അറിയിച്ചു. വടക്കൻ ബംഗാളിലും തെക്കൻ ബംഗാളിലുമായി 15 ഏക്കർ വീതം ഭൂമി അമൂലിന് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹൗറയിലെ സാംഗ്രെയിൽ ഫുഡ് പാർക്കിലാണ് ഗുജറാത്ത് ആസ്ഥാനമായ അമൂൽ പുതിയ ഡയറി പ്ലാന്റ് സ്ഥാപിക്കുന്നത്. പദ്ധതി പൂർണമായും പ്രവർത്തനസജ്ജമാകുന്നതോടെ പ്രതിദിനം 30 ലക്ഷം ലിറ്റർ പാലും 10 ലക്ഷം ലിറ്റർ തൈരും ഇവിടെ ഉൽപാദിപ്പിക്കാനാകും. കൂടാതെ ഏകദേശം ആയിരത്തോളം പേർക്ക് നേരിട്ട് തൊഴിലവസരവും ലഭിക്കുമെന്നാണ് പ്രതീക്ഷ.

You may also like