കൊച്ചി: മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ മാധ്യമസ്ഥാപന ഉടമ ആന്റോ അഗസ്റ്റിൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. കളമശേരി പൊലീസ് സ്റ്റേഷനിൽ ഹാജരാകില്ലെന്നും എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉടൻ ഹൈക്കോടതിയിൽ ഹർജി നൽകുമെന്നും ആന്റോയുടെ അഭിഭാഷകൻ അറിയിച്ചു. ആന്റോ അഗസ്റ്റിൻ നിലവിൽ സ്ഥലത്തില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി.
കേസിലെ മറ്റൊരു പ്രതിയായ ചാനൽ ലേഖകനോടും പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് ഒരു പൊതുചടങ്ങിൽ സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രിെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഗുരുതര പരാമർശം നടത്തിയെന്ന പരാതിയിലാണ് കേസ്.
ആന്റോ അഗസ്റ്റിൻ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ആന്റോ അഗസ്റ്റിനും മറ്റ് രണ്ടുപേരും ഗൂഢാലോചന നടത്തിയെന്നും അറിഞ്ഞുകൊണ്ട് വ്യാജരേഖ കൈവശം വെച്ചെന്നും എഫ്.ഐ.ആറിൽ പറയുന്നതായി പൊലീസ് വ്യക്തമാക്കി.
കെ.പി.സി.സി വക്താവ് രാജു പി. നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ ഡി.ജി.പി നിർദേശം നൽകിയിരുന്നു. കോടികൾ വിലവരുന്ന വിവാഹരേഖകളുമായി രണ്ട് യുവാക്കൾ തന്നെ സമീപിച്ചിരുന്നുവെന്നും ബൈന്തൂർ സബ് രജിസ്ട്രാർ ഓഫീസിൽ ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നുവെന്നും ആന്റോ അഗസ്റ്റിൻ ഒരു ചടങ്ങിൽ പറഞ്ഞിരുന്നു. രേഖകൾ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
വ്യാജരേഖ തയ്യാറാക്കിയവരെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് തിരിച്ചറിയണമെന്നും രേഖകൾ പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടാണ് രാജു പി. നായർ പരാതി നൽകിയത്.
