മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിപ്രദേശത്ത് ഗുണഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മുസ്‌ലിം ലീഗ്. പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും ഉൾപ്പെടെ ആരെയും പദ്ധതിപ്രദേശത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം അറിയിച്ചു.
ആദ്യഘട്ടത്തിൽ 51 വീടുകളാണ് ഗുണഭോക്താക്കൾക്ക് കൈമാറിയത്. ഇവയിൽ എല്ലാ കുടുംബങ്ങളും താമസം ആരംഭിച്ചിട്ടുണ്ട്. 105 വീടുകൾ ഉൾപ്പെടുന്ന പദ്ധതിയിലെ ശേഷിക്കുന്ന വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. കൈമാറിയ വീടുകൾ ഇപ്പോൾ ഗുണഭോക്താക്കളുടെ സ്വകാര്യ സ്വത്തായതിനാൽ അടുത്ത ബന്ധുക്കളൊഴികെ മറ്റാർക്കും വീടുകളിൽ പ്രവേശനം അനുവദിക്കില്ലെന്ന് നേതൃത്വം വ്യക്തമാക്കി.
സഞ്ചാരരീതിയിൽ ബസുകളിലും മറ്റു വാഹനങ്ങളിലുമായി നിരവധി പേർ സ്ഥലത്തെത്തി വീടുകളിൽ പ്രവേശിക്കുന്നതും ഗുണഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ സാഹചര്യത്തിലാണ് നിയന്ത്രണം കടുപ്പിച്ചത്. ദുരന്തബാധിതർ പുതുജീവിതത്തിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്, ഇത്തരം സന്ദർശനങ്ങൾ അവരുടെ മാനസികാവസ്ഥയെ ബാധിക്കുന്നുവെന്നും വിലയിരുത്തുന്നു.
വീടുകൾ കൈമാറിയതോടെ സംഘടനയുടെ ഉത്തരവാദിത്തം പൂർത്തിയായെന്നും, അവിടെയുള്ളവർക്ക് സ്വൈര്യജീവിതം ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിർദ്ദേശം നൽകിയതായി നേതൃത്വം അറിയിച്ചു. ഈ നിർദ്ദേശം അനുസരിച്ച് ഇന്ന് മുതൽ പദ്ധതിപ്രദേശത്തേക്ക് പ്രവേശനത്തിന് കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
