തിരുവനന്തപുരം: മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പേട്രിയറ്റ് സിനിമയെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഡിജിറ്റൽ കാലഘട്ടത്തിൽ ഉയർന്നുവരുന്ന ഓൺലൈൻ തട്ടിപ്പുകളും ലോൺ ആപ്പുകളും ഉൾപ്പെടെയുള്ള ചതിക്കുഴികളെ ശക്തമായി തുറന്നുകാട്ടുന്ന സിനിമയാണ് ‘പേട്രിയറ്റ്’ എന്നാണ് മന്ത്രിയുടെ വിലയിരുത്തൽ.
സാങ്കേതികവിദ്യയുടെ വളർച്ചയോടൊപ്പം സമൂഹം നേരിടുന്ന അപകടങ്ങളെക്കുറിച്ച് വ്യക്തമായ ബോധവൽക്കരണം നൽകുന്നതിൽ സിനിമയ്ക്ക് വലിയ പങ്കുണ്ടെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി. പാവപ്പെട്ടവരുടെ നിസ്സഹായാവസ്ഥ മുതലെടുക്കുന്ന ഡിജിറ്റൽ മാഫിയകളുടെ പ്രവർത്തനങ്ങളെ ചിത്രം യാഥാർത്ഥ്യബോധത്തോടെ അവതരിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുവിദ്യാഭ്യാസ വകുപ്പും തൊഴിൽ വകുപ്പും മുന്നോട്ട് വെക്കുന്ന സൈബർ സുരക്ഷാ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് ഈ സിനിമ ശക്തമായ പിന്തുണയാകുമെന്നും, പ്രത്യേകിച്ച് യുവാക്കളും വിദ്യാർത്ഥികളും നിർബന്ധമായും കാണേണ്ട ചിത്രമാണിതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
വലിയ താരനിരയുമായി എത്തുന്ന ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു. കൂടാതെ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, ഇന്ദ്രൻസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയും കിച്ചപ്പു ഫിലിംസും ചേർന്നാണ് നിർമ്മിക്കുന്നത്. സിനിമയുടെ സാങ്കേതിക വിഭാഗവും പ്രകടനവും ഒരുപോലെ മികവ് പുലർത്തുന്നതായും മന്ത്രി അഭിനന്ദിച്ചു.
