കൈപമംഗലം: ജീവകാരുണ്യ-സാംസ്കാരിക രംഗങ്ങളിലെ സമഗ്ര സംഭാവനകൾക്ക് സൂര്യഭാരതി ഗ്രൂപ്പ്- ഫൗണ്ടേഷൻ ചെയർമാൻ കെ.പി. മനോജ്കുമാറിന് കലാസംസ്കൃതി പുരസ്കാരം സമ്മാനിച്ചു. ആയിരങ്ങൾ സാക്ഷിയായ കൈപമംഗലം ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ മികവിന്റെയും അംഗീകാരത്തിന്റെയും ആഘോഷമായി മാറിയ അഭിനന്ദനീയം 2026 പരിപാടിയിൽ, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ആണ് പുരസ്കാരം സമർപ്പിച്ചത്. സെക്കുലർ ഫൗണ്ടേഷനും സ്മാർട്ട് കൈപമംഗലം പദ്ധതിയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും കലാ-കായിക രംഗങ്ങളിൽ മികവ് തെളിയിച്ചവരെയും അനുമോദിച്ചു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്കാരങ്ങൾക്ക് സർക്കാർ പ്രത്യേക പ്രാധാന്യം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ ദാലിയ ഗ്രൂപ്പ് ചെയർമാൻ ഡോ. അബ്ദുള്ള ഹംസയ്ക്ക് പ്രവാസിഭാരതീയ പുരസ്കാരവും സമ്മാനിച്ചു. ദേശീയ-സംസ്ഥാന തല മത്സരങ്ങളിൽ മികവ് തെളിയിച്ച നിരവധി പ്രതിഭകളെയും മന്ത്രി ആദരിച്ചു. നീന്തലിൽ അഞ്ച് സ്വർണമെഡലുകൾ നേടിയ ധനിഷ്ഠ ജിംജി, ഭിന്നശേഷി വിഭാഗത്തിൽ ഓട്ടമത്സര ജേതാവായ അമേയ, മിഴിവഴക് പുരസ്കാര ജേതാവ് സദ്യ ടീച്ചർ, ബി.എ. ഇക്കണോമിക്സിൽ റാങ്ക് നേടിയ അൻജലി ഷെമീർ എന്നിവരും ആദരവേറ്റുവാങ്ങി. സ്മാർട്ട് കൈപമംഗലം ചെയർമാൻ ശോഭാ സുബിൻ അധ്യക്ഷത വഹിച്ചു. സാമൂഹിക, വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. മികവിനെയും സമൂഹസേവനത്തെയും ഒരുപോലെ ആദരിച്ച ചടങ്ങായി അഭിനന്ദനീയം 2026 ശ്രദ്ധേയമായി.
2

