Home Internationalകുവൈത്തിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു; ഗൾഫ് രാജ്യങ്ങളിൽ വിപുലമായ അവധി ക്രമീകരണങ്ങൾ

കുവൈത്തിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു; ഗൾഫ് രാജ്യങ്ങളിൽ വിപുലമായ അവധി ക്രമീകരണങ്ങൾ

by news_desk
0 comments

കുവൈത്ത് സിറ്റി: കുവൈത്തിൽ ഈ വർഷത്തെ ബലിപെരുന്നാൾ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. മേയ് 26 ചൊവ്വാഴ്ച മുതൽ മേയ് 31 ഞായറാഴ്ച വരെയാണ് എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവധി അനുവദിച്ചിരിക്കുന്നത്. ഇതിൽ മേയ് 26 മുതൽ 29 വരെയുള്ള ദിവസങ്ങൾ ഔദ്യോഗിക അവധിയായും, മേയ് 30, 31 തീയതികൾ വാരാന്ത്യ വിശ്രമ ദിനങ്ങളായുമാണ് കണക്കാക്കുക. അവധിക്ക് ശേഷം ജൂൺ 1 തിങ്കളാഴ്ച മുതൽ ഓഫീസുകളുടെ ഔദ്യോഗിക പ്രവർത്തനങ്ങൾ പുനരാരംഭിക്കും.

പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുള്ള അൽ-അഹമ്മദ് അൽ-സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് അവധി സംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്. 24 മണിക്കൂറും പ്രവർത്തിക്കേണ്ട പ്രത്യേക സ്വഭാവമുള്ള അവശ്യ സർവീസുകളിലെയും വകുപ്പുകളിലെയും ജീവനക്കാരുടെ അവധി ക്രമീകരണങ്ങൾ പൊതുതാൽപര്യം മുൻനിർത്തി ബന്ധപ്പെട്ട അധികാരികൾക്ക് തീരുമാനിക്കാമെന്നും മന്ത്രിസഭ വ്യക്തമാക്കിയിട്ടുണ്ട്. ബലിപെരുന്നാളിനോടനുബന്ധിച്ച് കുവൈത്ത് അമീർ ശൈഖ് മിശാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിനും, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ-ഹമദ് അൽ-സബാഹിനും, രാജ്യത്തെ മുഴുവൻ സ്വദേശികൾക്കും പ്രവാസികൾക്കും മന്ത്രിസഭ പെരുന്നാൾ ആശംസകൾ നേർന്നു.

സൗദി അറേബ്യയിലെ സ്വകാര്യമേഖലയിലെയും എൻജിഒ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് നാല് ദിവസത്തെ ബലിപെരുന്നാൾ അവധിയാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് 26 ചൊവ്വാഴ്ചയിലെ (ദുൽ ഹജ്ജ് ഒമ്പത്) അറഫാ ദിനം മുതലാണ് സൗദിയിൽ അവധി ആരംഭിക്കുന്നത്. യുഎഇയിൽ പൊതുമേഖലയ്ക്ക് അഞ്ച് ദിവസത്തെയും സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസത്തെയും ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. സ്വകാര്യ മേഖലയിൽ മേയ് 26 ചൊവ്വാഴ്ച മുതൽ മേയ് 29 വെള്ളിയാഴ്ച വരെയാണ് അവധി. തുടർന്ന് വരുന്ന വാരാന്ത്യ അവധിയും കഴിഞ്ഞ് ജൂൺ 1 തിങ്കളാഴ്ചയോടെ ഓഫീസ് പ്രവർത്തനങ്ങൾ സാധാരണ നിലയിലാകും. ഒമാനിലും പൊതു-സ്വകാര്യ മേഖലകൾക്ക് മെയ് 26 ചൊവ്വാഴ്ച മുതൽ ബലിപെരുന്നാൾ അവധി ആരംഭിക്കുമെന്നും മെയ് 31 ഞായറാഴ്ചയോടെ സ്ഥാപനങ്ങൾ വീണ്ടും തുറന്നു പ്രവർത്തിക്കുമെന്നും ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കുന്നു.

You may also like