പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി, കേസുമായി ബന്ധപ്പെട്ട് സമൂഹത്തിന് മുന്നറിയിപ്പാകുന്ന സുപ്രധാന നിരീക്ഷണങ്ങളും നടത്തി. കേരളത്തിലെ കുടുംബബന്ധങ്ങളിൽ വലിയ മാറ്റങ്ങൾ സംഭവിക്കുകയാണെന്നും ഒറ്റപ്പെട്ട ജീവിതങ്ങൾ വർധിച്ചുവരുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ക്രൂരമായ കൊലപാതകങ്ങൾ വർധിക്കുന്നതായും കോടതി നിരീക്ഷിച്ചു.
കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് വിലയിരുത്തിയ കോടതി, പ്രതിക്ക് മാനസാന്തരപ്പെടാനുള്ള സാധ്യതയില്ലെന്ന് വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം വിഷം കഴിച്ചെന്ന പ്രതിഭാഗത്തിന്റെ വാദത്തിന് തെളിവില്ലെന്നും പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും കോടതി കണ്ടെത്തി. കുറ്റകൃത്യത്തിന് വ്യക്തമായ ആസൂത്രണമുണ്ടായിരുന്നുവെന്നും കൊലപാതകത്തെ പ്രതി തുടർച്ചയായി ന്യായീകരിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ചത്. കൂടാതെ വഴി തടഞ്ഞുനിർത്തിയ കേസിൽ ഒരു മാസത്തെ തടവും വിധിച്ചു.
പ്രതിയോട് 20 ലക്ഷം രൂപ പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്കാണ് ഈ തുക നൽകേണ്ടത്. പ്രതിയുടെ വീട് ഭാര്യയുടെ പേരിലായതിനാൽ പിഴത്തുക ഈടാക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ സർക്കാർ സഹായം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. സുധാകരന്റെ മക്കൾക്ക് ആവശ്യമായ സംരക്ഷണം നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
പ്രതി ഭാവിയിൽ പരോളിൽ പുറത്തിറങ്ങുന്ന സാഹചര്യമുണ്ടായാൽ സാക്ഷികൾക്കും ഇരകളുടെ കുടുംബത്തിനും മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. വെറും 58 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച അന്വേഷണ സംഘത്തെ കോടതി അഭിനന്ദിക്കുകയും ചെയ്തു.
അതേസമയം, വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അറിയിച്ചു. ആയുധത്തിൽ നിന്ന് പ്രതിയുടെ രക്തസാമ്പിൾ കണ്ടെത്തിയെങ്കിലും പ്രതിയുടെ ശരീരത്തിൽ മുറിവുകളൊന്നും കണ്ടെത്താനായില്ലെന്നും തെളിവുകൾ സമഗ്രമായി പരിശോധിച്ചില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.
വിധിക്ക് പിന്നാലെ കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ, നഷ്ടപരിഹാരം ലഭിക്കുന്നത് വലിയ ആശ്വാസമാണെന്നും അച്ഛന്റെ ഓർമ്മകളോടെയാണ് മുന്നോട്ടുപോകുന്നതെന്നും കോടതിക്കും സഹായം നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു.

