Home Keralaചെന്താമരയ്ക്ക് വധശിക്ഷക്കു പുറമെ 20 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

ചെന്താമരയ്ക്ക് വധശിക്ഷക്കു പുറമെ 20 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

by news_desk1
0 comments

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി. പ്രതിക്ക് 20 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ഈ തുക കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്കാണ് നൽകേണ്ടത്. പ്രതിക്ക് തുക നൽകാൻ കഴിയാത്ത സാഹചര്യത്തിൽ സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും കോടതി നിർദേശിച്ചു. പിഴ അടയ്ക്കാത്ത പക്ഷം മൂന്ന് വർഷം അധിക തടവും അനുഭവിക്കണം.

കോടതി വിധി കേൾക്കുമ്പോഴും ചെന്താമരയ്ക്ക് ഭാവവ്യത്യാസമുണ്ടായിരുന്നില്ല. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് നിരീക്ഷിച്ച കോടതി, സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ വധശിക്ഷ നൽകുന്നതിൽ നിയമതടസമില്ലെന്നും വ്യക്തമാക്കി. അതിവേഗത്തിൽ കുറ്റപത്രം സമർപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥരെയും സംഘത്തെയും കോടതി അഭിനന്ദിക്കുകയും ചെയ്തു.

വധശിക്ഷ ഹൈക്കോടതിയുടെ സ്ഥിരീകരണത്തിന് വിധേയമായിരിക്കും.

വിധി കേൾക്കാൻ കൊല്ലപ്പെട്ട സുധാകരന്റെ മക്കളായ അതുല്യയും അഖിലയും കോടതിയിലെത്തി. കേസ് അന്വേഷിച്ച ഡിവൈ.എസ്.പി എൻ. മുരളീധരനും കോടതിയിൽ സന്നിഹിതനായിരുന്നു.

പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന ഡോക്ടറുടെ റിപ്പോർട്ടും പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ടും കോടതി പരിഗണിച്ചു. മാനസാന്തരപ്പെടാനുള്ള സാധ്യതയും സമൂഹത്തിന് ഉണ്ടാകുന്ന ഭീഷണിയും വിലയിരുത്തിയാണ് ശിക്ഷ നിർണയിച്ചതെന്ന് കോടതി വ്യക്തമാക്കി. കൊലപാതകത്തെ പ്രതി തുടർച്ചയായി ന്യായീകരിച്ചുവെന്നും, കുറ്റകൃത്യത്തിന് ശേഷം വിഷം കഴിച്ചെന്ന വാദം തെളിയിക്കാനായില്ലെന്നും കോടതി നിരീക്ഷിച്ചു. മാനസിക പ്രശ്നങ്ങൾ കാരണം വീട്ടിൽ വിഷം സൂക്ഷിച്ചിരുന്നുവെന്ന പ്രതിഭാഗത്തിന്റെ വാദവും അംഗീകരിച്ചില്ല.

ബിഎൻഎസ് വകുപ്പ് 103(1), 126(2) എന്നിവ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പ്രതി സമൂഹത്തിന് ഭീഷണിയാണെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സാഹചര്യ തെളിവുകൾ മാത്രമുള്ള കേസായതിനാൽ കുറഞ്ഞ ശിക്ഷ നൽകണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി.

2025 ജനുവരി 27-ന് പോത്തുണ്ടി ബോയൻ നഗർ സ്വദേശികളായ സുധാകരനെയും (56) അമ്മ ലക്ഷ്മിയെയും (75) വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി. കൃത്യം നടന്നതിന് ഒന്നര വർഷത്തിന് ശേഷമാണ് കേസിൽ അന്തിമവിധി വന്നത്.

വിധി പ്രഖ്യാപനത്തിന് മുമ്പും ചെന്താമര കോടതിയിൽ വെല്ലുവിളി ഉയർത്തി. “വേണ്ടിവന്നാൽ മറ്റുള്ളവരെയും കൊല്ലും”, “ഞാൻ ഗാന്ധിജിയല്ല”, “തൂക്കി കൊന്നോളൂ” തുടങ്ങിയ പരാമർശങ്ങളാണ് പ്രതി കോടതിയിൽ നടത്തിയത്. തനിക്ക് മാനസിക പ്രശ്നമില്ലെന്ന കോടതി പരാമർശത്തോടും പ്രതി പ്രതികരിച്ചു.

2019-ൽ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും ചെന്താമര പ്രതിയായിരുന്നു. ആ കേസിൽ കോടതി ഇയാളെ കുറ്റക്കാരനായി കണ്ടെത്തി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഭാര്യയും മക്കളും തന്നെ ഉപേക്ഷിക്കാൻ കാരണം അയൽവാസികളാണെന്ന വൈരാഗ്യത്തിലാണ് പിന്നീട് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

You may also like